ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാനാദര്‍ശം ‘ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹി’ എന്നതാണ്. മുഴുവന്‍ മുസ്ലിംകളുടെയും പ്രഖ്യാപിതാദര്‍ശം ഇതുതന്നെ. ലോകത്ത് നിയോഗിതരായ മുഴുവന്‍ ദൈവദൂതന്‍മാര്‍ക്കും ബോധനമായി ലഭിച്ചതും മറ്റൊന്നല്ല. നബി തിരുമേനിയെ അഭിസംബോധന ചെയ്ത് അല്ലാഹു അറിയിക്കുന്നു: “ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എനിക്കുമാത്രം വഴിപ്പെടുക എന്ന ബോധനം നല്‍കപ്പെട്ടുകൊണ്ടല്ലാതെ നിനക്കുമുമ്പ് ഒരു ദൈവദൂതനെയും നാം നിയോഗിച്ചിട്ടില്ല.” ( അല്‍ അംബിയാഅ്: 25)
നബിതിരുമേനി അരുള്‍ചെയ്യുന്നു: “ഞാനും എനിക്കുമുമ്പുള്ള ദൈവദൂതന്‍മാരും പറഞ്ഞതില്‍ ഏറ്റവും ശ്രേഷ്ഠമായ വാക്യം ലാഇലാഹ ഇല്ലല്ലാഹ് എന്നതാണ്.” എല്ലാ പ്രവാചകന്‍മാരും അറബി ഭാഷയില്‍ ഇതേ വാചകമാണ് പറഞ്ഞിരുന്നത് എന്നല്ല ഇതിനര്‍ഥം. ഭാഷ ഭിന്നമായിരുന്നെങ്കിലും ആശയം ഒന്നായിരുന്നുവെന്നാണ്.
ദൈവികവ്യവസ്ഥ
പ്രപഞ്ചത്തിന്റെയും അതിലുള്ള സകലതിന്റെയും സ്രഷ്ടാവും സംരക്ഷകനും നാഥനും നിയന്താവും അല്ലാഹുവാണ്. സാക്ഷാല്‍ ഉടമയും യജമാനനും അവന്‍തന്നെ. പ്രപഞ്ചമഖിലം അല്ലാഹുവിന്റെ വ്യവസ്ഥയ്ക്ക് വിധേയമായാണ് നിലകൊള്ളുന്നത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവന്റെ നിയമങ്ങള്‍ക്കനുസൃതമത്രേ. കാറ്റും മഴയും ഇടിയും മിന്നലും ഭിന്നമല്ല. പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ജലജീവികളുമെല്ലാം പൂര്‍ണമായും അല്ലാഹുവിന് കീഴ്പെട്ടിരിക്കുന്നു.
എന്നാല്‍, മനുഷ്യജീവിതത്തിന് രണ്ടു വശങ്ങളുണ്ട്: ഒരു വശം, നിര്‍ബന്ധിതമായിത്തന്നെ ദൈവികനിയമങ്ങള്‍ക്ക് വിധേയമാണ്. മനുഷ്യന്‍ ഭൂമിയിലേക്കു വന്നത് മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്നാണ്. എന്നാല്‍, മനുഷ്യരൂപം പ്രാപിക്കുന്നതിനുമുമ്പ് അവന്‍ എവിടെയായിരുന്നു? നൂറും ന#ൂറ്റമ്പതും കൊല്ലം മുമ്പ് നാമൊക്കെ ഏതവസ്ഥയിലായിരുന്നു? ആര്‍ക്കും അതറിയില്ല. അല്ലാഹു ചോദിക്കുന്നു: “മനുഷ്യന്‍ പ്രസ്താവ്യയോഗ്യമല്ലാത്ത വസ്തുവായിരുന്ന കാലഘട്ടം അവനില്‍ കഴിഞ്ഞുപോയിട്ടില്ലേ?” (അദ്ദഹ്റ്: 1)
എന്നാല്‍, മനുഷ്യന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സാധ്യതയും സ്വാതന്ത്യ്രവും നല്‍കപ്പെട്ട ചില ജീവിതമേഖലകളുണ്ട്. നാം എന്തു തിന്നണം, എന്തു തിന്നരുത്, എന്തു കുടിക്കണം, എന്തു കുടിക്കരുത്, ഏതു കാണണം, ഏതു കാണരുത്, എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിക്കരുത് പോലുള്ളവ തീരുമാനിക്കാന്‍ നമുക്ക് സാധ്യമാണ്. ഇത്തരം മേഖലകളിലേര്‍പ്പെടുത്തുന്ന നിയന്ത്രണമാണല്ലോ നിയമം. അതിനാല്‍, കൈയും കാലും കണ്ണും കാതും നാക്കും മൂക്കും ആയുസ്സും ആരോഗ്യവും ജീവനും ജീവിതവുമെല്ലാം ഉപയോഗിക്കുന്നതിനുള്ള നിശ്ചിതക്ര്രമം നിയമമാണ്. ആര്‍ക്കാണ് ഇത്തരം നിയമങ്ങള്‍ നിര്‍മിക്കാനുള്ള പരമാധികാരം? അഥവാ, നാം എങ്ങനെ ജീവിക്കണമെന്നും ജീവിക്കരുതെന്നും നമ്മോട് കല്‍പിക്കാനും നിരോധിക്കാനും ആര്‍ക്കാണ് ആത്യന്തികമായ അവകാശമുള്ളത്?
ഓരോ മനുഷ്യനും താന്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിച്ചുകൂടേ? യഥാര്‍ഥത്തിലത് സാധ്യമോ പ്രായോഗികമോ അല്ല. ഓരോരുത്തരും തനിക്കു തോന്നും വിധം ജീവിച്ചാല്‍ മനുഷ്യരാശിയുടെ നിലനില്‍പുതന്നെ അസാധ്യമാവും. അതോടൊപ്പം തന്നെ അങ്ങനെ ചെയ്യുന്നത് അക്ഷന്തവ്യമായ അന്യായമാണ്. കാരണം, മനുഷ്യന്‍ ഉപയോഗിക്കുന്ന ഒന്നിന്റെ മേലും അവന് പൂര്‍ണമായ ഉടമാവകാശമില്ല. നാം സാധാരണ എന്റെ കൈ, എന്റെ കാല്‍, എന്റെ കണ്ണ് എന്നൊക്കെ പറയാറുണ്െടന്നത് ശരിയാണ്. എന്നാലത് ബാഹ്യാര്‍ഥത്തില്‍ മാത്രമേ സത്യവും വസ്തുതാപരവുമാവുകയുളളൂ. സൂക്ഷ്മാര്‍ഥത്തില്‍ അവയൊന്നും നമ്മുടേതല്ല. ആയിരുന്നുവെങ്കില്‍ അവര്‍ക്കൊരിക്കലും വേദനയോ രോഗമോ വാര്‍ധക്യമോ മരണമോ ബാധിക്കുമായിരുന്നില്ല. എന്നും നാമാഗ്രഹിക്കും വിധം പൂര്‍ണാരോഗ്യത്തോടെ നിലനില്‍ക്കുകമായിരുന്നു. എന്നാല്‍, നമ്മുടെ അനുവാദം ആരായാതെയും അഭിലാഷം അന്വേഷിക്കാതെയും അവയ്ക്ക് രോഗവും ദൌര്‍ബല്യവും ബാധിക്കുന്നു. കാരണം വളരെ വ്യക്തമാണ്: അവയൊന്നും നമ്മുടേതല്ല; നാം ഉണ്ടാക്കിയതുമല്ല. നാം നിര്‍മിക്കാത്തവയുടെ മേല്‍ നമുക്ക് പൂര്‍ണാവകാശമുണ്ടാവുകയില്ലല്ലോ. അവകാശമില്ലാത്തത് തോന്നിയപോലെ ഉപയോഗിക്കുന്നത് അന്യായവും അതിക്രമവുമാണ്. അതിനാല്‍, മനുഷ്യന്റെ മേല്‍ നിയമനിര്‍മാണത്തിന്റെ പരമാധികാരം അവന്റെ സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിന് മാത്രമേയുള്ളൂ. “അറിയുക! അവന്റേതുമാത്രമാകുന്നു സൃഷ്ടി. അവന്റേതു മാത്രമാകുന്നു ശാസനയും.” (അല്‍ അഅ്റാഫ്: 54)
“ശാസനാധികാരം അല്ലാഹുവിനല്ലാതെ ആര്‍ക്കുമില്ല. അവന്നല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ അടിമപ്പെടരുതെന്ന് അവന്‍ ആജ്ഞാപിച്ചിരിക്കുന്നൂ.” (യൂസുഫ്: 40)
“അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് നീ അവരുടെ വ്യവഹാരങ്ങളില്‍ വിധി നടത്തുക. അവരുടെ ഇഛകളെ പിന്‍പറ്റാതിരിക്കുക. ഇവര്‍ നിന്നെ വിഷമിപ്പിച്ച്, അല്ലാഹു നിനക്കവതരിപ്പിച്ചു തന്നിട്ടുള്ള സന്മാര്‍ഗത്തില്‍നിന്ന് അണു അളവ് വ്യതിചലിപ്പിക്കുന്നതിനെ സൂക്ഷിക്കുക.” (അല്‍ മാഇദ: 49)
“അല്ലാഹുവില്‍ ദൃഢവിശ്വാസമുള്ള ജനതയ്ക്ക് അല്ലാഹുവിനേക്കാള്‍ ഉത്തമമായ വിധി നല്‍കുന്നവനാരാണുള്ളത്?” (അല്‍ മാഇദ: 50)
അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. “എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക”. (അന്നഹ്ല്‍: 36)
ഈ ആശയത്തെയാണ് ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന വിശുദ്ധവാക്യം പ്രതിനിധീകരിക്കുന്നത്. അതനുസരിച്ച് മനുഷ്യന്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി ജീവിക്കുമ്പോള്‍ ജീവിതം പ്രപഞ്ചഘടനയോട് താദാത്മ്യം പ്രാപിക്കുന്നു; പ്രകൃതിനിയമങ്ങളുമായി പൊരുത്തപ്പെടുന്നു. മറിച്ചാവുമ്പോള്‍ വൈരുദ്ധ്യം പ്രകടമാവുന്നു. “ഈ ജനം അല്ലാഹുവിനുള്ള വഴക്കത്തിന്റെ വഴിവിട്ട് മറ്റേതെങ്കിലും മാര്‍ഗം മോഹിക്കുകയാണോ? ആകാശഭൂമികളിലുള്ളവയെല്ലാം ബോധപൂര്‍വമോ അല്ലാതെയോ അവനുമാത്രം വിധേയമായിരിക്കേ?”'(ആലു ഇംറാന്‍: 83)
ഇസ്ലാമികജീവിതത്തിന്റെ കേന്ദ്രബിന്ദു-ന്യൂക്ളിയസ്- ആണ് തൌഹീദ്. ജീവിതം അതിനുചുറ്റുമാണ് കറങ്ങേണ്ടത്. ആരാധനാരംഗമെന്നപോലെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ-ഭരണമേഖലകളെല്ലാം തൌഹീദിലധിഷ്ഠിതവും അതില്‍നിന്ന് രൂപംകൊണ്ടതുമായിരിക്കണം. ഇവ്വിധം വിശുദ്ധവാക്യത്തെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ മാത്രമേ അതിന്റെ സദ്ഫലങ്ങള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ലഭ്യമാവുകയുള്ളൂ.
ആരാധനാരംഗം
ഇബ്റാഹീം നബിക്കും തന്റെ ജനതയുടെ ബഹുദൈവാരാധനയ്ക്കെതിരെ പൊരുതേണ്ടിവന്നു. “ഇവരെ ഇബ്റാഹീമിന്റെ കഥ കേള്‍പ്പിക്കുക. അദ്ദേഹം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ച സന്ദര്‍ഭം: ‘നിങ്ങള്‍ എന്തിനെയാണ് ആരാധിച്ചുകൊണ്ടിരിക്കുന്നത്?’ ‘അവര്‍ അറിയിച്ചു: ഞങ്ങള്‍ ആരാധിക്കുന്നത് വിഗ്രഹങ്ങളെയാകുന്നു. അവയെ സേവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.’ അദ്ദേഹം ചോദിച്ചു: ‘നിങ്ങള്‍വിളിക്കുമ്പോള്‍ അവ കേള്‍ക്കുന്നുണ്ടോ? അതല്ലെങ്കില്‍ അവ നിങ്ങള്‍ക്ക് വല്ല ഉപകാരമോ ഉപദ്രവമോ ചെയ്യുന്നുണ്ടോ ‘ അവര്‍ മറുപടി പറഞ്ഞു: ‘ഇല്ല, പ്രത്യുത, ഞങ്ങളുടെ പിതാമഹന്‍മാര്‍ ഇവ്വിധം ചെയ്തുവന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്.’ അപ്പോള്‍ ഇബ്റാഹീം പറഞ്ഞു: ‘നിങ്ങളും നിങ്ങളുടെ പിതാമഹന്‍മാരും ആരാധിച്ചുകൊണ്ടിരിക്കുന്ന ഈ വസ്തുക്കളെക്കുറിച്ച് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എന്നെ സംബന്ധിച്ചേടത്തോളം ഇവയൊക്കെയും ശത്രുക്കളാകുന്നു; ലോകരക്ഷിതാവൊഴിച്ച്. അവന്‍ എന്നെ സൃഷ്ടിച്ചവനാകുന്നു. പിന്നെ അവന്‍തന്നെ എനിക്ക് മാര്‍ഗദര്‍ശനമരുളുന്നു. അവനാകുന്നു എനിക്ക് അന്നവും പാനീയവും നല്‍കുന്നത്. ഞാന്‍ രോഗിയാവുമ്പോള്‍ ശമനമരുളുന്നതും അവന്‍തന്നെ. എന്നെ മരിപ്പിക്കുകയും പിന്നെ വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നവനാകുന്നു അവന്‍. പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരുമെന്ന് ഞാന്‍ പ്രതീക്ഷപുലര്‍ത്തുന്നത് അവനിലാകുന്നു.” (അശ്ശുഅറാഅ്: 6982)
നബിതിരുമേനി തന്റെ ജനതയോട് ഇങ്ങനെ പറയാന്‍ കല്‍പിക്കപ്പെട്ടു. “ഈ ലാത്തയുടെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തയുടെയും യാഥാര്‍ഥ്യങ്ങളെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്േടാ? ആണ്‍മക്കള്‍ നിങ്ങള്‍ക്കും പെണ്‍മക്കള്‍ ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില്‍ അത് അന്യായമായ പങ്കുവെയ്ക്കല്‍ തന്നെ. വാസ്തവത്തില്‍ ഇവ നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച പേരുകളല്ലാതെ മറ്റൊന്നുമല്ല. ”(അന്നജ്മ്:19-23).
ബഹുദൈവാരാധനയ്ക്ക് വഴിവെയ്ക്കുന്ന എല്ലാ കവാടങ്ങളും ഇസ്ലാം കൊട്ടിയടയ്ക്കുന്നു. അല്ലാഹുവിനല്ലാതെ ആര്‍ക്കും അദൃശ്യം അറിയുകയില്ലെന്നും അഭൌതികമാര്‍ഗത്തിലൂടെ രക്ഷിക്കാനോ ശിക്ഷിക്കാനോ സഹായിക്കാനോ ദ്രോഹിക്കാനോ സാധ്യമല്ലെന്നും അത് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.
സാമ്പത്തികമേഖലയില്‍
സമ്പത്ത് അല്ലാഹുവിന്റേതാണ്. അത് എങ്ങനെ സമ്പാദിക്കണമെന്നും കൈവശം വെയ്ക്കണമെന്നും ചെലവഴിക്കണമെന്നും കല്‍പിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനു മാത്രമാണ്. ഇതാണ് സാമ്പത്തികരംഗത്തെ തൌഹീദ്. സമ്പത്ത് എന്റേതാണ്; അല്ലെങ്കില്‍ എന്റെ രാഷ്ട്രത്തിന്റേതാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരവും അവകാശവും മനുഷ്യനാണ്. അതില്‍ മതമോ ദൈവമോ പ്രവാചകനോ ഇടപെടേണ്ടതില്ല. ഇടപെടാവതുമല്ല- ഇങ്ങനെ വിശ്വസിക്കുന്നതും വാദിക്കുന്നതും തൌഹീദിനു കടകവിരുദ്ധമായ ശിര്‍ക് ആണ്. സാമ്പത്തികരംഗത്ത് ശിര്‍കുണ്ടായിരുന്ന പലരുടെയും കഥ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ശുഐബ് നബിയുടെ ജനത ഉദാഹരണം. സാമ്പത്തികകാര്യങ്ങളില്‍ മതം ഇടപെടരുതെന്ന് തീരുമാനിച്ചവരായിരുന്നു അവര്‍. അതിനാല്‍, അവരിലേക്ക് നിയുക്തനായ പ്രവാചകന്‍ ഈ വികലവിശ്വാസത്തിന്റെ കാണപ്പെടുന്ന തിന്‍മ തിരുത്താന്‍ അവരോടാവശ്യപ്പെട്ടു. “മദ്യന്‍ നിവാസികളിലേക്ക് നാം അവരുടെ സഹോദരന്‍ ശുഐബിനെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ടു ജീവിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ വേറെ ദൈവമില്ലതന്നെ. നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് സ്പഷ്ടമായ മാര്‍ഗദര്‍ശനം വന്നിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ അളവിലും തൂക്കത്തിലും പൂര്‍ണത വരുത്തുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ കമ്മിയാക്കാതിരിക്കുക. ഭൂമിയില്‍ അതിന്റെ സംസ്കരണം നടന്ന ശേഷം നിങ്ങള്‍ നാശമുണ്ടാക്കാതിരിക്കുക.” (അല്‍ അഅ്റാഫ്: 85).
സാമൂഹികരംഗത്ത്
വിവാഹം, വിവാഹമോചനം, ബഹുഭാര്യാത്വം, ദാമ്പത്യമര്യാദകള്‍, മാതാപിതാക്കളോടുള്ള ബന്ധം, മക്കളോടുള്ള സമീപനം, അയല്‍ക്കാരോടുള്ള നിലപാട് പോലുള്ളവയെല്ലാം എവ്വിധമാണെന്ന് തീരുമാനിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനായ അല്ലാഹുവിനാണ്; മറ്റാര്‍ക്കും അതില്ല- ഇതംഗീകരിക്കലും തൌഹീദിന്റെ അവിഭാജ്യഘടകമാണ്. അവയെല്ലാം ഭൌതികകാര്യങ്ങളാണെന്നും അതിനാല്‍ മനുഷ്യന്‍ അവ സ്വഹിതാനുസാരം തന്നെ സ്വീകരിക്കേണ്ടതാണെന്നും മതവും ദൈവവുമൊന്നും അവയിലിടപെടരുതെന്നും വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നത് ശാസനാധികാരത്തിലുള്ള അല്ലാഹുവിന്റെ ഏകത്വത്തിന് വിരുദ്ധവും ഗുരുതരമായ അബദ്ധവുമാണ്. ശരീഅത്ത്ചര്‍ച്ചകളില്‍ കേട്ടിരുന്നപോലെ, ആര്‍ക്കും ജാതിയും മതവും നോക്കാതെ ഇഷ്ടമുള്ള പെണ്ണിനെ ഇഷ്ടമുള്ള വിധം സ്വീകരിച്ച് ഇഷ്ടമുള്ളത്രകാലം ഇഷ്ടപ്പെടുന്നവിധം കൂടെ നിറുത്താമെന്നും അതില്‍ മതവും മതനിയമങ്ങളും ഇടപെടേണ്ടതില്ലെന്നുമുള്ള വാദം ഇതിനുദാഹരണമാണ്.
പുതിയലോകം പണിയുന്ന വിപ്ളവാദര്‍ശം
വ്യക്തികള്‍ തൌഹീദ് അംഗീകരിച്ച് അതിനനുസൃതമായ ജീവിതം നയിച്ചാല്‍ സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. സമൂഹം അവ്വിധം ചെയ്താല്‍ മരണശേഷം മറുലോകത്ത് സ്വര്‍ഗവും ഭൂമിയില്‍ പുതിയൊരു ലോകവും ലഭിക്കുമെന്ന് ഇസ്ലാം ഉറപ്പ് നല്‍കുന്നു. നബിതിരുമേനി അരുള്‍ ചെയ്തിരിക്കുന്നു: “നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയുക; അറബികളും അനറബികളും നിങ്ങള്‍ക്കധീനപ്പെടും.”
വിശുദ്ധവാക്യം പുതിയൊരു ലോകം പണിയുന്നു. അത് മനുഷ്യനെ സൃഷ്ടികളുടെ എല്ലാവിധ അടിമത്തങ്ങളില്‍നിന്നും മോചിപ്പിക്കുന്നു. അല്പജ്ഞരായ ചില മനുഷ്യരുടെ അപക്വമായ സ്വേഛയില്‍ പണിതുയര്‍ത്തപ്പെട്ട അക്രമപരവും അന്യായവും വികലവുമായ സാമൂഹികഘടന പൊളിച്ചുമാറ്റി ദൈവികനീതിയുടെയും സത്യധര്‍മാദികളുടെയും അധിഷ്ഠാനത്തില്‍ പുനഃസ്ഥാപിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെന്നപോലെ അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അറുതിവരുത്തുന്നു. കള്ളവും കൊള്ളയും ചതിയും ചൂഷണവും തല്ലും കൊല്ലും ഇല്ലാതാക്കുന്നു. സ്വസ്ഥവും സമാധാനനിരതവുമായ സമൂഹത്തെ സൃഷ്ടിക്കുന്നു. ഭദ്രമായ രാഷ്ട്രം നിര്‍മിക്കുന്നു. നബിതിരുമേനി ഇക്കാര്യം സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്.
ഖബ്ബാബില്‍നിന്ന് നിവേദനം: “നബി തിരുമേനി വിശുദ്ധ കഅബയുടെ തണലില്‍ പുതപ്പ് തലയണയാക്കി ശയിക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങള്‍ തിരുമേനിയുടെ അടുത്തുചെന്ന് ആവലാതിപ്പെട്ടു: ‘ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ സഹായമര്‍ഥിക്കുന്നില്ലേ?’ അപ്പോള്‍ അവിടുന്ന് അരുള്‍ ചെയ്തു: ‘നിങ്ങള്‍ക്കുമുമ്പ് മനുഷ്യരെ വലിയ കുഴി കുഴിച്ച് അതില്‍ കൊണ്ടുവന്നു നിറുത്തിയിരുന്നു. എന്നിട്ട് ഈര്‍ച്ചവാള്‍ തലയില്‍ വെച്ച് കീറി രണ്ടായി പകുത്തിരുന്നു. അവരുടെ മാംസവും എല്ലുകളും ഇരുമ്പുകൊണ്ടുള്ള ചീര്‍പ്പുപയോഗിച്ച് ചീകി വേര്‍പ്പെടുത്തിയിരുന്നു. എങ്കിലും അതൊന്നും അവരെ തങ്ങളുടെ ദീനില്‍നിന്നകറ്റിയില്ല. അല്ലാഹുവാണ! ഈ കാര്യം അല്ലാഹു പൂര്‍ത്തീകരിക്കുകതന്നെ ചെയ്യും; സന്‍ആയില്‍ നിന്ന് ഹളറമൌത് വരെ, അല്ലാഹുവെയും ആടിനെ വേട്ടയാടുന്ന ചെന്നായയെയുമല്ലാതെ മറ്റൊന്നിനെയും ഭയക്കാതെ, ഒരു യാത്രാസംഘത്തിന് സഞ്ചരിക്കാന്‍ സാധിക്കുവോളം! പക്ഷേ, നിങ്ങള്‍ ധൃതി കാണിക്കുകയാണ്.” (ബുഖാരി)
ഇതിന്റെയര്‍ഥം വളരെ വ്യക്തം: നിങ്ങള്‍ ഈ മര്‍ദ്ദനം സഹിക്കേണ്ടതുണ്ട്. പരീക്ഷണങ്ങളനുഭവിക്കുകതന്നെ വേണം; ഒരു വേള ഇതില്‍ കൂടുതലും. കാരണം, ലക്ഷ്യം സമുന്നതമാണ്. ഒരു നവലോകത്തിന്റെ നിര്‍മിതയാണത്. അതിനാല്‍, പീഡാനുഭവങ്ങള്‍ അനിവാര്യമാണ്.
വിശുദ്ധവാക്യം മര്‍ദ്ദനങ്ങള്‍ക്ക് വിരാമമിടുന്നു. മര്‍ദ്ദിതരെ മോചിപ്പിക്കുന്നു. മനുഷ്യാടിമത്തത്തില്‍നിന്ന് മനുഷ്യരെ സ്വതന്ത്രരാക്കുന്നു. ഇസ്ലാമികസമൂഹത്തിന്റെ പ്രതിനിധിയായി പേര്‍ഷ്യന്‍ സേനാനായകനായ റുസ്ത മിനെ സന്ദര്‍ശിച്ച റിബ്ഇയ്യിബ്നു ആമിറിനോട് അദ്ദേഹത്തിന്റെ ആഗമനോദ്ദേശ്യം ആരാഞ്ഞപ്പോള്‍ നല്‍കിയ മറുപടി ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവാണ് ഞങ്ങളെ നിയോഗിച്ചത്. ലക്ഷ്യം അല്ലാഹു ഉദ്ദേശിക്കുന്നവരെ അടിമകളുടെ അടിമത്തത്തില്‍നിന്നും അവന്റെ മാത്രം അടിമത്തത്തിലേക്കും ഐഹികജീവിതത്തിന്റെ കുടുസ്സില്‍നിന്ന് ഇഹ-പരലോകങ്ങളുടെ വിശാലതയിലേക്കും നിലവിലുള്ള വ്യവസ്ഥിതികളുടെ അനീതിയില്‍നിന്ന് ഇസ്ലാമിന്റെ നീതിയിലേക്കും നയിക്കലാണ്.”
വിശുദ്ധവാക്യത്തിന്റെ വിശദീകരണം
ഇസ്ലാമിനോട് കൊടിയ ശത്രുതവെച്ചുപുലര്‍ത്തിയിരുന്ന പാശ്ചാത്യസാമ്രാജ്യശക്തികള്‍ മുസ്ലിംനാടുകളെ അധീനപ്പെടുത്തി ദീര്‍ഘകാലം ആധിപത്യം നടത്തി. അവരുടെ ആസുത്രിതവും നിരന്തരവുമായ ശ്രമഫലമായി സമൂഹത്തിന്റെ തൌഹീദുസങ്കല്‍പത്തിന് സാരമായ ക്ഷതം പറ്റി. ഇസ്ലാമികജീവിതത്തിന്റെ കേന്ദ്രബിന്ദുവെന്ന സമഗ്രവീക്ഷണം നഷ്ടമായി. സമ്പൂര്‍ണവിപ്ളവത്തിന്റെ ആദര്‍ശസ്രോതസ്സെന്ന സ്ഥിതി വിസ്മൃതമായി. പുതിയ ലോകം പണിയുന്ന വിപ്ളവവാക്യമെന്ന ബോധം ചോര്‍ന്നുപോയി. അത് ആരാധനാമേഖലയില്‍ പരിമിതമാക്കപ്പെട്ടു. ഇത്തരം ഒരു പ്രതികൂലപരിതഃസ്ഥിതിയിലാണ് ആധുനിക ഇസ്ലാമികപ്രസ്ഥാനങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ ് എന്ന വിശുദ്ധവചനത്തെ അതിന്റെ മുഴുവന്‍ അര്‍ഥവ്യാപ്തിയോടെ ലോകത്തിന് പരിചയപ്പെടുത്തിയത്. വിസ്മൃതമായ വശങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനയില്‍ ആദര്‍ശം വിശദീകരിച്ച ഭാഗം പരിശോധിച്ചാല്‍ ഇക്കാര്യം ഏവര്‍ക്കും അനായാസം ബോധ്യമാവും. അതിങ്ങനെ വായിക്കാം: “ഈ ആദര്‍ശത്തിലെ ആദ്യഭാഗത്തിന്റെ, അതായത്, അല്ലാഹു ഏക ഇലാഹ് (ദൈവം) ആണെന്നും മറ്റാരും ഇലാഹ് (ദൈവം) അല്ലെന്നും ഉള്ളതിന്റെ വിവക്ഷയിതാണ്: ‘ഏതൊരുവന്‍ നമ്മുടെയും അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതിനിയമവിധികര്‍ത്താവും ആണോ, അതേ അല്ലാഹുതന്നെയാണ് വാസ്തവത്തില്‍ നമ്മുടെയെല്ലാം സാക്ഷാല്‍ മഅ്ബൂദും (വഴിപ്പെടലിനര്‍ഹന്‍) സാന്‍മാര്‍ഗികവിധികര്‍ത്താവും. ആരാധനയ്ക്കര്‍ഹനും യഥാര്‍ഥത്തില്‍ അനുസരിക്കപ്പെടേണ്ടവനും അവന്‍ മാത്രമാകുന്നു. പ്രസ്തുത നിലകളിലൊന്നും അവന് യാതൊരു പങ്കാളിയുമില്ല.
ഈ യാഥാര്‍ഥ്യം ഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതുമൂലം താഴെപ്പറയുന്ന സംഗതികള്‍ മനുഷ്യന്റെ മേല്‍ നിര്‍ബന്ധമാകുന്നതാണ്:
1. അല്ലാഹുവെ അല്ലാതെ മറ്റാരെയും രക്ഷാകര്‍ത്താവോ കൈകാര്യകര്‍ത്താവോ ആവശ്യങ്ങള്‍ നിറവേറ്റുവന്നവനോ ബുദ്ധിമുട്ടുകള്‍ തീര്‍ക്കുന്നവനോ സങ്കടങ്ങള്‍ കേള്‍ക്കുന്നവനോ സംരക്ഷിക്കുന്നവനോ സഹായിക്കുന്നവനോ ആയി ധരിക്കാതിരിക്കുക. കാരണം, മറ്റാരുടെ പക്കലും യഥാര്‍ഥത്തില്‍ യാതൊരു അധികാരശക്തിയും ഇല്ലതന്നെ.
2. അല്ലാഹുവെ ഒഴിച്ചു മറ്റാരെയും ലാഭനഷ്ടങ്ങള്‍ ഏല്‍പിക്കുന്നവരായി കരുതാതിരിക്കുക; മറ്റാരോടും ഭക്തികാണിക്കാതിരിക്കുക; മറ്റാരെയും ഭയപ്പെടാതിരിക്കുക; മറ്റാരിലും തന്നത്താന്‍ അര്‍പ്പിക്കാതിരിക്കുക; മറ്റാരോടും പ്രതീക്ഷകള്‍ ബന്ധപ്പെടുത്താതിരിക്കുക. കാരണം, സകല അധികാരങ്ങളുടെയും ഉടമസ്ഥന്‍ വാസ്തവത്തില്‍ അല്ലാഹു മാത്രമാകുന്നു.
3. അല്ലാഹുവെ അല്ലാതെ മറ്റാരെയും ആരാധിക്കാതിരിക്കുക; മറ്റാരുടെ പേരിലും നേര്‍ച്ച നേരാതിരിക്കുക; മറ്റാരുടെ മുമ്പിലും തലകുനിക്കാതിരിക്കുക. ചുരുക്കത്തില്‍, ബഹുദൈവവിശ്വാസികള്‍ തങ്ങളുടെ ആരാധ്യരുമായി പുലര്‍ത്തിവരാറുള്ള യാതൊരിടപാടും മറ്റുള്ളവരുമായി നടത്താതിരിക്കുക. കാരണം, അല്ലാഹു മാത്രമാണ് ആരാധനയ്ക്കര്‍ഹന്‍.
4. അല്ലാഹുവോടല്ലാതെ മറ്റാരോടും പ്രാര്‍ഥിക്കാതിരിക്കുക. മറ്റാരോടും അഭയം തേടാതിരിക്കുക; മറ്റാരെയും സഹായത്തിന് വിളിക്കാതിരിക്കുക; ശിപാര്‍ശ മുഖേന ദൈവവിധിയെ മാറ്റാന്‍ കഴിയുന്നവിധം, ദൈവികനിയന്ത്രണങ്ങളില്‍ പ്രവേശനവും സ്വാധീനശക്തിയുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക. കാരണം, സകലരും-മലക്കുകളോ പ്രവാചകന്‍മാരോ പുണ്യാത്മാക്കളോ ആരുതന്നെയാണെങ്കിലും ശരി- അല്ലാഹുവിന്റെ സാമ്രാജ്യത്തില്‍ അധികാരമില്ലാത്ത പ്രജകള്‍ മാത്രമാകുന്നു.
5. അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉടമസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക; സ്വാധികാരപ്രകാരം കല്പിക്കുവാനും നിരോധിക്കുവാനും അര്‍ഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക; മറ്റാരെയും സ്വതന്ത്രനിയമനിര്‍മാതാവും ‘ശാരിഉം’ ആയി സ്വീകരിക്കാതിരിക്കുക; ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതു വിധ അനുസരണങ്ങളെയും ശരിയെന്ന് അംഗീകരിക്കന്നതിനെ നിഷേധിക്കുക. കാരണം, തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും തന്റെ സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുന്നു. ഉടമസ്ഥതയ്ക്കും വിധികര്‍തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തില്‍ അവന്നല്ലാതെ മറ്റാര്‍ക്കും സിദ്ധമല്ലതന്നെ.
പ്രസ്തുത ആദര്‍ശം സ്വീകരിക്കുന്നതിനാല്‍ മനുഷ്യന്റെ മേല്‍ താഴെ വിവരിക്കുന്ന സംഗതികള്‍ കൂടി അനിവാര്യമായിത്തീരുന്നു.
6. തന്റെ സ്വാധികാരത്തെ കൈയൊഴിക്കുകയും സ്വേഛകള്‍ക്കടിമപ്പെടുന്നതുപേക്ഷിക്കുകയും തന്റെ ഏക ഇലാഹായി താന്‍ സമ്മതിച്ചംഗീകരിച്ച അല്ലാഹുവിന്റെ മാത്രം അടിമയായി വര്‍ത്തിക്കുകയും ചെയ്യുക.
7. താന്‍ വല്ലതിന്റെയും സ്വതന്ത്ര ഉടമസ്ഥ നെന്ന് കരുതാതിരിക്കുകയും സര്‍വതും – തന്റെ ജീവനും അവയവങ്ങളും ശാരീരികവും മാനസികവുമായ കഴിവുകളും കൂടി – അല്ലാഹുവിനുടമപ്പെട്ടതും അവങ്കല്‍നിന്നുള്ള ‘അനാമതും’ ആയി വിചാരിക്കുകയും ചെയ്യുക.
8. താന്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരവാദപ്പെട്ടവനും സമാധാനം ബോധിപ്പിക്കേണ്ടവനുമാണെന്ന് കരുതുകയും തന്റെ കഴിവുകള്‍ ഉപയോഗിക്കുന്നതിലും പെരുമാറ്റത്തിലും ക്രയവിക്രയങ്ങളിലുമൊക്കെ, അന്ത്യനാളില്‍ അല്ലാഹുവിന്റെ മുമ്പാകെ അവയെക്കുറിച്ച് കണക്ക് ബോധിപ്പിക്കേണ്ടതുണ്െടന്നും സ്വകര്‍മങ്ങളുടെ സദ്ഫലമോ ദുഷ്ഫലമോ അനുഭവിക്കേണ്ടിവരുമെന്നും ഉള്ള യാഥാര്‍ഥ്യം സദാ ഗൌനിക്കുകയും ചെയ്യുക.
9. തന്റെ ഇഷ്ടത്തിന് അല്ലാഹുവിന്റെ ഇഷ്ടത്തെയും, തന്റെ അനിഷ്ടത്തിന് അല്ലാഹുവിന്റെ അനിഷ്ടത്തെയും മാനദണ്ഡമായി സ്വീകരിക്കുക.
10. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും, തന്റെ മുഴുശ്രമങ്ങളുടെ ലക്ഷ്യമായും മുഴുജീവിതത്തിന്റെ അച്ചുതണ്ടായും സ്വീകരിക്കുക.
11. തന്റെ സ്വഭാവത്തില്‍, ചര്യയില്‍, സാമൂഹികവും നാഗരികവുമായ ബന്ധങ്ങളില്‍, സാമ്പത്തികവും രാഷ്ട്രീയവുമായ ഇടപാടുകളില്‍, അങ്ങനെ ജീവിതത്തിന്റെ എല്ലാ വിഷയത്തിലും അല്ലാഹുവിന്റെ നിര്‍ദ്ദേശത്തെ മാത്രം തനിക്കു നിര്‍ദ്ദേശമായി അംഗീകരിക്കുകയും അല്ലാഹു നിശ്ചയിച്ചുതന്നതോ അവന്റെ നിയമനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായതോ ആയ പദ്ധതിയെ മാത്രം തനിക്കു പദ്ധതിയായി സ്വീകരിക്കുകയും അവന്റെ ‘ശരീഅത്തിനു ‘ വിരുദ്ധമായതെന്തും തള്ളിക്കളയുകയും ചെയ്യുക.’ (ജമാഅത്തെ ഇസ്ലാമി ഭരണഘടന: ഖണ്ഡിക.3)
പ്രവാചകനോടുള്ള അനുസരണത്തിന്റെ അര്‍ഥതലങ്ങള്‍
ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാനാദര്‍ശത്തിന്റെ രണ്ടാം പാതി ‘മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാകുന്നു’ വെന്നതാണ്. ഏതൊരു മനുഷ്യനും മുസ്ലിമാവാന്‍ അനിവാര്യമായും ഇതംഗീകരിക്കേണ്ടതുണ്ട്.
മനുഷ്യരാശിക്കുവേണ്ടി അല്ലാഹു നിശ്ചയിച്ച ജീവിതവ്യവസ്ഥ അവര്‍ക്കെത്തിച്ചുകൊണ്ടിരിക്കുന്നത് ദൈവദൂതന്‍മാരാണ്. ലക്ഷത്തിലേറെ ദൈവദൂതന്‍മാര്‍ ഈ ദൌത്യനിര്‍വഹണത്തിനായി ഭൂമിയില്‍ നിയുക്തരായിട്ടുണ്ട്. ആ പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി. പൂര്‍വപ്രവാചകന്‍മാരിലൂടെ സമര്‍പ്പിക്കപ്പെട്ട അതേ ആദര്‍ശവും ലക്ഷ്യവുംതന്നെയാണ് അന്ത്യദൂതനിലൂടെയും നല്‍കപ്പെട്ടത്. എങ്കിലും വിശദംശങ്ങളിലും പ്രായോഗികജീവിതക്ര മങ്ങളിലും കാലദേശങ്ങള്‍ക്കനുസൃതമായ വ്യത്യാസങ്ങളുണ്ടായിരുന്നു. നബിതിരുമേനിക്കുമുമ്പുള്ള ദൈവദൂതന്‍മാരിലൂടെ അവതരിപ്പിക്കപെട്ട നിയമക്രമങ്ങള്‍ ചില പ്രത്യേക കാലക്കാര്‍ക്കും ദേശക്കാര്‍ക്കും മാത്രം ബാധകമായവയായിരുന്നു. എന്നാല്‍, മുഹമ്മദ്നബി തിരുമേനിയിലൂടെ നല്‍കപ്പെട്ട ജീവിതവ്യവസ്ഥ അന്ത്യനാള്‍വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ബാധകമാണ്. അത് കാലദേശഭേദങ്ങള്‍ക്കതീതവും അന്യൂനവും നിത്യനൂതനവുമത്രേ.
നബിതിരുമേനിയെ ദൈവദൂതനായി അംഗികരിക്കുകയെന്നതിന്റെ അര്‍ഥം മുഴുജീവിതമേഖലകളിലും അദ്ദേഹത്തിന്റേതാണെന്ന് സ്ഥിരപ്പെട്ട ജീവിതമാതൃകകള്‍ അതേപ്രകാരം അനുധാവനം ചെയ്യുകയെന്നതാണ്. അതില്‍ ഏറ്റക്കുറവുകളോ മാറ്റത്തിരുത്തലുകളോ വരുത്താനാര്‍ക്കും അവകാശമില്ല. പ്രവാചകന്റെ വാക്കുകളും പ്രവൃത്തികളും അംഗീകാരങ്ങളും പിന്തുടരപ്പെടേണ്ട ചര്യയിലുള്‍പ്പെടുന്നു.
പ്രായോഗികമാതൃക
അല്ലാഹുവിന്റെ സന്ദേശം മനുഷ്യര്‍ക്കെത്തിച്ചുകൊടുത്ത കേവലം സന്ദേശവാഹകന്‍ മാത്രമല്ല മുഹമ്മദ് നബി. ദൈവികസന്ദേശങ്ങള്‍ ആധികാരികമായി വിവരിച്ചുകൊടുക്കുകയും അവയുടെ പ്രാവര്‍ത്തികരൂപം കാണിച്ചുകൊടുക്കുകയും ചെയ്ത മാതൃകാപുരുഷന്‍കൂടിയാണ്. അല്ലാഹു പറയുന്നു: “നിനക്കു നാം പ്രമാണം അവതരിപ്പിച്ചുതന്നത് നീ അവര്‍ക്കത് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയാണ്.” (അന്നഹ്ല്‍: 44).
“ജനത്തിനിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങള്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കാനും വിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമായും അല്ലാതെ നിനക്കു നാം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിട്ടില്ല.” (അന്നഹ്ല്‍: 64)
വിശുദ്ധഖുര്‍ആന്‍ പറഞ്ഞ പല കാര്യങ്ങളും പ്രവാചകചര്യയില്ലാതെ ഗ്രഹിക്കുക സാധ്യമല്ല. വിശുദ്ധ ഖുര്‍ആന്‍ നമസ്കരിക്കാന്‍ കല്പിച്ചു; എപ്പോള്‍, എങ്ങനെ അത് നിര്‍വഹിക്കണമെന്ന് വിവരിച്ചില്ല. സുബ്ഹി രണ്ട് റക്അത്തും മഗ്രിബ് മൂന്ന് റക്അത്തും മറ്റുള്ളവ നാലു റക്അത്തുകളുമാണെന്ന് പഠിപ്പിച്ചതും അവയുടെ രീതി അഭ്യസിപ്പിച്ചതും നബി തിരുമേനിയാണ്. സകാത്ത് നല്‍കാന്‍ അല്ലാഹു ആജ്ഞാപിച്ചു; എന്നാല്‍, എന്തിനെല്ലാം, എത്രയൊക്കെ നല്‍കണമെന്ന് വിവരിച്ചുതന്നത് പ്രവാചകചര്യയാണ്. നിത്യജീവിതത്തിലെ മര്യാദകള്‍, ചര്യകള്‍, വിവാഹക്രമങ്ങള്‍, മയ്യിതുസംസ്കരണരീതികള്‍, സാമ്പത്തികവ്യവസ്ഥയുടെ വിശദാംശങ്ങള്‍, സാമൂഹികജീവിതത്തിലെ നിയമക്രമങ്ങള്‍, യുദ്ധമര്യാദകള്‍, സന്ധിവ്യവസ്ഥകള്‍, ഭരണക്രമങ്ങള്‍ തുടങ്ങിയവയുടെ പ്രായോഗികമാതൃകകള്‍ക്ക് പ്രവാചകചര്യയെ അവലംബിക്കാതെ നിര്‍വാഹമില്ല.
ഇപ്രകാരം തന്നെ, ഖുര്‍ആന്‍ പരാമര്‍ശിക്കാത്ത പ്രശ്നങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനുള്ള ബാധ്യതയും അര്‍ഹതയും നബിക്കാണ്. “സത്യവിശ്വാസികള്‍ക്ക് തങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുകവഴി വലിയ അനുഗ്രഹമാണ് അല്ലാഹു ചെയ്തിരിക്കുന്നത്. അദ്ദേഹം അവര്‍ക്ക് അവന്റെ വചനങ്ങള്‍ വായിച്ചുകേള്‍പ്പിക്കുന്നു. അവരെ സംസ്കരിക്കുന്നു; അവര്‍ക്ക് വേദവും തത്ത്വജ്ഞാനവും അഭ്യസിപ്പിക്കുകയും ചെയ്യുന്നു. അവര്‍ നേരത്തെ വ്യക്തമായ വഴികേടിലായിരുന്നു.” (ആലു ഇംറാന്‍:164). തനിക്കു ലഭിച്ച ദിവ്യബോധനങ്ങളുടെ വെളിച്ചത്തില്‍ നല്ലതും ചീത്തയും നിര്‍ണയിക്കാനും തദനസൃതമായി അനുവദനീയവും നിഷിദ്ധവും നിശ്ചയിക്കാനും അല്ലാഹു ഭരമേല്‍പച്ചത് മുഹമ്മദ് നബിയെയാണ്. ഖുര്‍ആന്‍ പറയുന്നു: “അദ്ദേഹം അവരോട് നന്‍മ കല്‍പിക്കുന്നു; തിന്‍മ വിരോധിക്കുന്നു; അവര്‍ക്ക് ഉത്തമപദാര്‍ഥങ്ങള്‍ അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ മേലുള്ള ദുര്‍വഹമായ ഭാരവും അവരെ വരിഞ്ഞുകെട്ടിയ ചങ്ങലകളും എടുത്തുമാറ്റുന്നു.” (അല്‍ അഅ്റാഫ്:157).
ഇപ്രകാരം തന്നെ സമൂഹത്തില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ക്ക് അന്തിമമായ വിധി പ്രസ്താവിക്കാനുള്ള അധികാരം അല്ലാഹു നല്‍കിയത് നബിതിരുമേനിക്കാണ്. പ്രവാചകന്റെ തീര്‍പ്പ് പൂര്‍ണമായും പിന്തുടരാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരുമാണ്. അല്ലാഹു അറിയിക്കുന്നു .”നിന്റെ നാഥനില്‍ സത്യം! അവര്‍ക്കിടയില്‍ തര്‍ക്കവിധേയമാവുന്ന വിഷയങ്ങളില്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധിച്ചതിനെ സംബന്ധിച്ച് അനന്തരം അവരുടെ മനസ്സില്‍ ഒരനിഷ്ടവും തോന്നാതിരിക്കുകയും സര്‍വാത്മനാ സമ്മതിച്ചനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ ഒരിക്കലും വിശ്വാസികളാവുകയില്ല.” (അന്നിസാഅ്: 65). അതുകൊണ്ടുതന്നെ പ്രവാചകനെ അനുസരിക്കാനും അവിടുത്തെ ചര്യ പൂര്‍ണമായി പിന്തുടരാനും വിശ്വാസികള്‍ ബാധ്യസ്ഥരാണ്.
മുഹമ്മദ് നബിയോടുള്ള അനൂുസരണം ഒരര്‍ഥത്തില്‍ സോപാധികമാണ്. കാരണം, അദ്ദേഹത്തെ അനുസരിക്കുന്നത് അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ് എന്ന നിലയ്ക്കും അദ്ദേഹം നല്‍കുന്ന വിധിവിലക്കുകള്‍ അല്ലാഹുവിങ്കല്‍നിന്നുള്ള വിധിവിലക്കുകള്‍തന്നെയാണ് എന്ന നിലയ്ക്കും, അദ്ദേഹത്തെ അനുസരിക്കാന്‍ അല്ലാഹു കല്‍പിച്ചിട്ടുള്ളതുകൊണ്ടും ആകുന്നു. എന്നാല്‍, അല്ലാഹുവിന്റെ പേരില്‍ പ്രവാചകന്‍ കല്‍പിക്കുന്നതെല്ലാം ദൈവദാസന്‍മാര്‍ ചോദ്യം ചെയ്യാതെ അനുസരിക്കണം എന്ന അര്‍ഥത്തില്‍ അദ്ദേഹത്തോടുള്ള അനുസരണം തീര്‍ത്തും നിരുപാധികവുമാണ്. ഈ ആദര്‍ശം അംഗീകരിക്കുകവഴി മനുഷ്യന്റെ മേല്‍ അനിവാര്യമായും വന്നുചേര്‍ന്ന കാര്യങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന ഇങ്ങനെ വിശദീകരിക്കുന്നു:
1. മുഹമ്മദ് നബിയില്‍ നിന്നുള്ളതെന്നു തെളിഞ്ഞ എല്ലാ ശിക്ഷണനിര്‍ദ്ദേശങ്ങളെയും നിരുപാധികമായി സ്വീകരിക്കുക.
2. തന്നെ ഒരു സംഗതിക്ക് പ്രേരിപ്പിക്കുന്നതിനും മറ്റൊന്നില്‍ നിന്ന് തടയുന്നതിനുമായി അതിന്റെ ആജ്ഞ അല്ലെങ്കില്‍ നിരോധം ദൈവദൂതനില്‍നിന്നാണെന്ന് തെളിഞ്ഞുകഴിഞ്ഞിട്ടുണ്െടന്ന വസ്തുതമാത്രം മതിയായിരിക്കുകയും തന്റെ അനുസരണത്തിന് മറ്റൊരു തെളിവും ആവശ്യമില്ലാതിരിക്കുകയും ചെയ്യുക.
3. ദൈവദൂതന്റേതൊഴിച്ച് മറ്റാരുടെയും സ്വതന്ത്രമായ നേതൃത്വവും മാര്‍ഗദര്‍ശനവും അംഗീകരിക്കാതിരിക്കുകയും മറ്റു മനുഷ്യരെ പിന്തുടരുന്നത് അല്ലാഹുവിന്റെ കിതാബിനും റസൂലിന്റെ സുന്നതിനും വിധേയമായിട്ടല്ലാതെ അവ രണ്ടില്‍നിന്നും സ്വതന്ത്രമായിക്കൊണ്ടാവാതിരിക്കുകയും ചെയ്യുക.
4. സ്വജീവിതത്തിലെ സകല ഇടപാടുകളിലും അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നതും തന്നെ സാക്ഷാല്‍ പ്രമാണവും മൂലാധാരവും അടിസ്ഥാനരേഖയുമായി അംഗീകരിക്കുകയും കിതാബിനും സുന്നതിനും യോജിക്കുന്ന ആദര്‍ശവും വിശ്വാസവും മാര്‍ഗവും മാത്രം അവലംബിക്കുകയും അവയ്ക്കെതിരായതെന്തും തിരസ്കരിക്കുകയും ചെയ്യുക.
5. വ്യക്തിപരമോ കുടുംബപരമോ ഗോത്രപരമോ ജാതീയമോ ജനകീയമോ ദേശീയമോ വര്‍ഗപരമോ പാര്‍ട്ടിപരമോ ഏതുതന്നെയായിരുന്നാലും ശരി, സകല അനിസ്ലാമികപക്ഷപാതങ്ങളെയും മനസ്സില്‍നിന്ന് പുറംതള്ളുകയും ദൈവദൂതനാല്‍ ഉന്നയിക്കപ്പെട്ട സത്യത്തോടുള്ള സ്നേഹബഹുമാനത്തെ അതിജയിക്കുകയോ, അതിനോട് കിടനില്‍ക്കുകയോ ചെയ്യുമാറ് മറ്റാരുടെയും സ്നേഹബഹുമാനത്തില്‍ സ്വയം ബന്ധിതനാവാതിരിക്കുകയും ചെയ്യുക.
6. ദൈവദൂതനെയല്ലാതെ യാതൊരു മനുഷ്യനെയും സത്യത്തിന്റെ മാനദണ്ഡമാക്കാതിരിക്കുകയും, യാതൊരാളുടെയും മാനസികാടിമത്തത്തില്‍ കുടുങ്ങാതിരിക്കുകയും അല്ലാഹു നിശ്ചയിച്ച ഇതേ പരിപൂര്‍ണ മാനദണ്ഡം കൊണ്ട് ഓരോരുത്തരെയും പരിശോധിക്കുകയും അതനുസരിച്ച് ആര്‍ ഏതു പദവിയിലാണോ അവരെ അതേ പദവിയില്‍ വെയ്ക്കുകയും ചെയ്യക. (ജമാഅത്തെ ഇസ്ലാമി ഭരണഘടന: ഖണ്ഡിക. 3