കുവൈത്ത് : അന്തരിച്ച കുവൈത്തിന്റെ പ്രിയങ്കരനായ അമീർ ശൈഖ് സബ അൽ അഹ്‌മദ് അൽ ജാബിർ അൽ സബ മാനുഷികതക്ക് മുഖ്യ പരിഗണന നൽകിയ നേതാവായിരുന്നുവെന്ന് കുവൈത്ത് മുൻ പാർലമെന്റ് അംഗം ഡോക്‌ടർ നാസർ അൽ സാനിഅ പറഞ്ഞു. അമീറിന്റെ നിര്യാണത്തെ തുടർന്ന് കേരള ഇസ്‌ലാമിക് ഗ്രൂപ് സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയ കുവൈത്ത് അമീറിന്റെ നിർലോഭമായ സഹായ ഹസ്‌തം എത്താത്ത മേഖലകൾ ഉണ്ടായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതി ദുരിതങ്ങളും മഹാമാരികളും യുദ്ധക്കെടുതികളും ഉണ്ടാകുമ്പോൾ അദ്ദേഹം നടത്തിയ നിസ്‌തുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ മനസിലാക്കിയാണ് ഐക്യരാഷ്ട്ര സഭ അദ്ദേഹത്തെ മനുഷ്യത്വത്തിന്റെ നായകനെന്ന പദവി നൽകി ആദരിച്ചത്. സിറിയയിലും മറ്റും അശരണർക്ക് അഭയമൊരുക്കുന്നതിൽ അമീറിന്റെ പങ്ക് വളരെ വലുതായിരുന്നു. രാജ്യത്തിന്റെ അമീർ പദവിയിലെത്തുന്നതിന് മുമ്പ് തന്നെ ദീർഘ കാലം കുവൈത്തിന്റെ വിദേശ കാര്യ മന്ത്രിയായിരുന്ന അദ്ദേഹം കുവൈത്തിന്റെ പെരുമ ലോക രാഷ്ട്രങ്ങൾക്ക് മുമ്പിൽ ഉയർത്തിപ്പിടിക്കുന്നതിൽ വിജയിക്കുകയുണ്ടായി. വിവേകശാലിയായ രാഷ്ട്ര നായകനെന്ന് കർമങ്ങൾ കൊണ്ട് തെളിയിക്കുവാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്‌തു.
അറബ് ലോകത്ത് ഇയ്യിടെയുണ്ടായ നിലപാട് മാറ്റങ്ങളിൽനിന്ന് കുവൈത്ത് മാറിനിന്നത് ശൈഖ് സബയുടെ ഉറച്ച നിലപാട്കൊണ്ട് മാത്രമായിരുന്നു. ഇസ്‌റായേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ അയൽ അറബ് രാജ്യങ്ങൾ പലതും തയ്യാറായപ്പോൾ ഇസ്‌ലാമിക ലോകത്തിന്റെ നമ്പർ വൺ ശത്രുക്കളോടുള്ള നിലപാടിൽ വെള്ളം ചേർക്കാൻ കുവൈത്ത് ഒരുക്കമല്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും തദ്‌സംബദ്ധമായ ചർച്ചകൾക്ക് വേണ്ടി ആരും തന്നെ കുവൈത്തിനെ സമീപിക്കേണ്ടതില്ലെന്ന് ധീരമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഫൈസൽ മഞ്ചേരി
ഗൾഫ് നാടുകൾക്കിടയിൽ അനൈക്യമുണ്ടായപ്പോൾ ഇരുപക്ഷത്തും നിൽക്കാതെ സന്തുലിതമായ സമീപനം സ്വീകരിച്ച് സംഘർഷത്തിലേക്ക് നീങ്ങുമായിരുന്ന ഗൾഫ് മേഖലയെ അനുരഞ്ജനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കായിരുന്നു അന്തരിച്ച അമീറിനുണ്ടായിരുന്നത്. അറബ് നാടുകളുടെയും ഇസ്‌ലാമിക ലോകത്തിന്റെയും ഐക്യത്തിന് വേണ്ടി എന്നും നിലകൊണ്ട ഭരണാധികാരിയായാണ് അമീർ അറിയപ്പെട്ടിരുന്നത്. അമീറിന് വേണ്ടി പ്രാർത്ഥിച്ച അദ്ദേഹം രാഷ്ട്ര നായകൻറെ വിയോഗത്തിൽ വേദനിക്കുന്ന കുവൈത്ത് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
പി കെ ജമാൽ
രാജ്യാന്തര വേദികളിൽ നയതന്ത്ര ചാരുത കൊണ്ട് കുവൈത്തിന്റെ മുഖമായി അറിയപ്പെട്ടിരുന്ന മഹനീയമായ വ്യക്തിത്വമായിരുന്നു ശൈഖ് അൽ സബ. കാലങ്ങളായി രാജ്യം കാത്തുസൂക്ഷിക്കുന്ന_ ഇസ്‌ലാമിക പൈതൃകം ഏറ്റവും നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനാണ് അമീർ ശ്രമിച്ചത്. ഇറാഖ് അധിനിവേശ കാലത്തെ കുവൈത്തിലെ അരക്ഷിതമായ ജനജീവിതം ശ്രദ്ധിക്കാൻ ഇസ്‌ലാമിക പ്രസ്ഥാനത്തെ ചുമതലപ്പെടുത്തിയ ചരിത്രം അന്തരിച്ച അമീർ അനുസ്‌മരിച്ച സംഭവം അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.
സക്കീർ ഹുസൈൻ തുവ്വൂർ
മറ്റിതര ഗൾഫ് നാടുകളെ അപേക്ഷിച്ച് പ്രവാസി സമൂഹത്തിന് ജനങ്ങളുമായി സംവദിക്കുവാനുള്ള പ്രവർത്തന സ്വാതന്ത്ര്യം നിലനിന്നിരുന്നത് ശൈഖ് സബയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു. സ്വദേശികളുടെയും വിദേശികളുടെയും ഇടയിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങൾക്ക് പ്രബോധന പ്രചാരണ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കിയ നേതാവാണ് അദ്ദേഹം. രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ സംവിധാനങ്ങളായ പാർലമെന്റും തെരഞ്ഞെടുപ്പും കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ അമീർ വിജയിക്കുകയുണ്ടായി. ശൈഖ് സബയുടെ മഹനീയമായ നൻമകളും മുദ്രകളും കൂടുതൽ പ്രോജ്വലമായി നിലനിർത്താൻ പുതിയ അമീർ ശൈഖ് നവാഫിന് കഴിയട്ടെ എന്നദ്ദേഹം പ്രാർത്ഥിച്ചു.
സൂം ആപ്ളിക്കേഷൻ മുഖേന ഓൺലൈനിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനത്തിൽ കെ. ഐ. ജി,. പ്രസിഡണ്ട് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. കെ. ഐ. ജി. മുൻ പ്രസിഡണ്ട് പി. കെ. ജമാൽ, വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ അനുസ്‌മരണ പ്രസംഗങ്ങൾ നിർവഹിച്ചു. വി എസ് നജീബ്, എം. കെ. അബ്‌ദുൽ ഗഫൂർ എന്നിവർ അനുസ്‌മരണ കവിതകൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി പി ടി ഷാഫി സ്വാഗതവും അയ് മൻ ഖുർആൻ പാരായണവും നടത്തി.