കുവൈത്ത് : വിവേചനങ്ങളും അസമത്വവും നിലനിൽക്കുന്ന ലോകത്ത് സമത്വ ബോധം പ്രസരിപ്പിക്കുന്ന ദർശനങ്ങൾക്ക് സാമൂഹ്യ പ്രസക്തി വർധിച്ചുവരികയാണെന്ന് പ്രമുഖ പണ്ഡിതനും എഴുത്തുകാരനും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിയുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. കേരള ഇസ്‌ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി ദൈവമൊന്ന് മാനവനൊന്ന് എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന മാനവ മൈത്രി കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് വലിയ ദുരന്തങ്ങൾ ഉണ്ടാക്കിയത് വംശീയതയും ജാതീയതയുമാണ്. വിവേചനങ്ങൾ ചരിത്രത്തിൽ ഉടനീളം നിലനിന്നിട്ടുണ്ട്. നിറത്തിന്റെയും ജാതിയുടെയും പേരിൽ ലോകത്തുടനീളം നടക്കുന്ന അനീതികളും അക്രമങ്ങളും പരാമർശിച്ച അദ്ദേഹം മനുഷ്യരെല്ലാം സമൻമാരാണെന്ന സന്ദേശം വിളംബരം ചെയ്യുന്ന വിവേചനങ്ങളില്ലാത്ത ആശയങ്ങളാണ് സമകാലീന സമൂഹത്തിൽ വളർത്തിയെടുക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മനുഷ്യൻ ദൈവത്തെ ഉൾക്കൊണ്ടുകൊണ്ട് ലോകത്തോടും സമൂഹത്തോടും ഇടപഴകുവാൻ തയ്യാറാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ടി പി മുഹമ്മദ് ഷമീം പറഞ്ഞു. മനുഷ്യരെല്ലാം ഒന്നാണെന്ന ചിന്ത ദൈവം ഒന്നാണെന്ന ചിന്ത കൂടിയുണ്ടായാൽ ശക്തിപ്പെടും. അത് സമൂഹത്തിൽ പുരോഗതിക്ക് നിമിത്തമാകും. ഏകനായ ദൈവത്തിന്റെ സൃഷ്‌ടികൾ തുല്യരായി പരിഗണിക്കപ്പെടണമെന്നാണ് പ്രവാചക അധ്യാപനങ്ങളുടെ അടിസ്ഥാനം. മാനവ ലോകം മുഴുവൻ മാതാവും പിതാവും ഒന്നിക്കുന്ന കുടുംബമാണ്. വേദ പാഠങ്ങൾ മുന്നോട്ടുവെക്കുന്ന ആശയം മനുഷ്യന്റെ ഏകതയാണ്. വിശുദ്ധ ഖുർആൻ അടിവരയിടുന്ന ആശയവും അതാണ്. ദൈവം ഒരൊറ്റ വംശത്തെയാണ് സൃഷ്‌ടിച്ചത്. വിഭാഗീയതയുടെ സൃഷ്‌ടാക്കൾ മനുഷ്യരാണെന്നും ജീവജാലങ്ങളിലെ വൈവിധ്യങ്ങൾ ദൈവത്തിന്റെ അടയാളങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യനെ നന്നാക്കാനും ഒന്നാക്കാനും പണിയെടുക്കുന്ന പ്രസ്ഥാനമാണ് കെ. ഐ. ജി. യെന്നും അതിനുവേണ്ടിയാണ് ദൈവമൊന്ന് മാനവനൊന്ന് എന്ന തലക്കെട്ട് ഉയർത്തിപ്പിടിച്ചുകൊണ്ട് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്നും ഫൈസൽ മഞ്ചേരി പറഞ്ഞു. സൗഹൃദം കൊണ്ടും സ്നേഹം കൊണ്ടും സാമൂഹ്യ അന്തരീക്ഷം ശക്തിപ്പെടുത്താനാണ് ഇസ്‌ലാമിക പ്രസ്ഥാനം ആഗ്രഹിക്കുന്നത്. സ്നേഹവും സൗഹൃദവും ആവശ്യത്തിലധികം ആവശ്യമായ സന്ദർഭമാണിന്ന്. ശാത്രവ മുക്‌തമായ സാമൂഹ്യ അന്തരീക്ഷം രാജ്യത്ത് ഉണ്ടാകണം. ഒന്നിക്കരുതെന്നും അടുക്കരുതെന്നും ആഗ്രഹിക്കുന്നവർക്ക് മുമ്പിൽ ഒന്നാണെന്ന മുദ്രാവാക്യം ഉയർത്തുന്നത് കാലം നമ്മോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ സാമൂഹ്യ ദൗത്യം കൂടിയാണ്.
മനുഷ്യരാശിയുടെ എക്കാലത്തെയും സാംസ്‌കാരികമായ അന്വേഷണങ്ങളുടെ കാതൽ മനുഷ്യന്റെ ഏകത്വത്തെക്കുറിച്ചുള്ളതായിരുന്നുവെന്ന് ആലങ്കോട് ലീലാ കൃഷ്‌ണൻ പറഞ്ഞു. മനുഷ്യൻ്റെ ഏകത്വം എന്ന് പറയുന്നത് ദൈവത്തിന്റെ ഏകത്വവുമായി ബന്ധപ്പെട്ടതാണ്. ദൈവീക ദർശനങ്ങൾ മുഴുവനും പറയുന്നത് ദൈവത്തിന്റെയും മനുഷ്യൻറെയും ഏകതയെക്കുറിച്ചും ധാർമിക നൈതിക മൂല്യങ്ങളെക്കുറിച്ചുമാണ്. സ്നേഹം ഉണ്ടാകുമ്പോൾ ഒന്നാകുമെന്നും ഒന്നാകുമ്പോൾ സ്നേഹം ഉണ്ടാകുമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
കാമ്പയിൽ ഒരുമാസം നീണ്ടുനിൽക്കും. ഏരിയ തലങ്ങളിലും യൂണിറ്റ് തലങ്ങളിലും വ്യത്യസ്‌തമായ പ്രചാരണ പരിപാടികൾ കാമ്പയിൻ കാലത്ത് നടക്കും.കെ. ഐ. ജി. ഫേസ് ബുക് പേജിൽ തദ്‌സമയം സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ കെ. ഐ. ജി. പ്രസിഡണ്ട് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ സമാപന പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി പി ടി ഷാഫി സ്വാഗതം പറഞ്ഞു.