കുവൈത്ത് സിറ്റി: ദൈവമൊന്ന് മാനവനൊന്ന് എന്ന കാമ്പയിന്റെ ഭാഗമായി കെ.ഐ.ജി ഫര്‍വാനിയ ഏരിയ സൗഹൃദ സംഗമം നടത്തി. ഏരിയ പ്രസിഡണ്ട് സി.പി.നൈസാം അധ്യക്ഷത വഹിച്ചു. കാമ്പയിന്‍ കണ്‍വീനറും, കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റുമായ സക്കീര്‍ ഹുസ്സൈന്‍ തുവ്വൂര്‍ സംഗമം ഉദ്ഘാടനം നിര്‍വഹിച്ചു. എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തു ചേര്‍ന്ന് നമ്മുടെ സ്വരമായി മാറേണ്ട അനിവാര്യമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്നും അതിനാല്‍ തന്നെ ഒരുമയോടെ മുന്നോട്ട് പോകാന്‍ നാം തയ്യാറാവണം എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. പ്രഭാഷകനും, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ അന്‍വര്‍ സഈദ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു സംസാരിച്ചു.മതങ്ങളെ സ്വാര്‍ത്ഥ താത്പര്യക്കാര്‍ വളച്ചൊടിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇന്ന് ലോകത്തു മതങ്ങളുടെ പേരില്‍ കാണുന്ന കലാപങ്ങളും കൂട്ടക്കൊലകളും യഥാര്‍ത്ഥ മത വിശ്വാസികള്‍ അല്ല ചെയ്യുന്നത് മറിച്ച് രാഷ്ട്രീയവും, വംശീയവുമായ താത്പര്യക്കാര്‍ ആണ് ഇത്തരം ആക്രമങ്ങള്‍ക്ക് പിന്നില്‍ എന്നും അദ്ദേഹം സൂചിപ്പിച്ചു. യഥാര്‍ത്ഥ മതവിശ്വാസികള്‍ പരസ്പരം സ്‌നേഹത്തില്‍ ആയിരിക്കും ജീവിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പ്രഭാഷകനും എഴുത്തുകാരനുമായ ജി.കെ.എടുത്തനാട്ടുകര ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അടിസ്ഥാനപരമായി എല്ലാ മതങ്ങളും ഏക ദൈവ വിശ്വാസത്തെയാണ് പഠിപ്പിക്കുന്നത് എന്നും ആ ഏക ദൈവമാണ് മനുഷ്യരേയും, ഈ ലോകത്തെയും സൃഷ്ടിച്ചത് എന്നും അതിനാല്‍ ആ ഏകനായ ദൈവത്തെ അറിഞ്ഞും മനസ്സിലാക്കിയും ആണ് സൃഷ്ടികളായ മനുഷ്യര്‍ എല്ലാവരും ജീവിക്കേണ്ടത് എന്നും അദ്ദേഹം സൂചിപ്പിച്ചു. അങ്ങിനെ ആകുമ്പോള്‍ ഏകോതര സഹോദരന്മാരായി സമാധാനത്തോടെ എല്ലാവര്‍ക്കും ഇവിടെ ജീവിക്കാന്‍ സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യത്വവും സ്‌നേഹവും ഉണ്ടാക്കിയെടുക്കുക എന്നതാണ് നമ്മുടെ ഓരോരുത്തരുടെയും ഇന്നിന്റെ ആവശ്യമെന്നും, സമൂഹത്തില്‍ ആളുകള്‍ തള്ളിക്കളയുന്നവര്‍ക്ക് കൈത്താങ്ങായി മാറാന്‍ നമ്മുക്ക് സാധിക്കണം എന്നും എല്ലാവര്‍ക്കും എല്ലാം ചെയ്യാന്‍ സാധിക്കില്ല എങ്കിലും എന്തെങ്കിലുമൊക്കെ എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കും എന്നതിനാല്‍ സമൂഹ നന്മക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ നമ്മള്‍ ശ്രമിക്കണം എന്നു തുടര്‍ന്ന് സംസാരിച്ച സാമൂഹിക പ്രവര്‍ത്തകയും, പ്രമുഖ കൗണ്‌സിലറും, സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യ ചെയര്‍ പേഴ്‌സണുമായ ഡോ.മിനി കുര്യന്‍ ആവശ്യപ്പെട്ടു. കാമ്പയിനിനോടാനുബന്ധിച്ചു സംഘടിപ്പിച്ച കവിതാലാപന മത്സര വിജയികളുടെ പേരു വിവരങ്ങള്‍ കണ്‍വീനര്‍ സിജില്‍ ഖാനും, ചിത്ര രചനാ മത്സര വിജയികളുടെ വിശദാംശങ്ങള്‍ കണ്‍വീനര്‍ ഹഫീസ് പാടൂരും അറിയിച്ചു. ദൈവമൊന്ന്, മാനവനൊന്ന് എന്ന പ്രമേയത്തെ ആസ്പദമാക്കി എ. കെ.അബ്ദുല്‍ മജീദ് രചിച്ച ഗാനം മുക്‌സിത്തും സിജില്‍ ഖാനും ആലപിച്ചു. അനീസ് അബ്ദുല്‍ സലാമിന്റെ ആമുഖ ഭാഷണത്തോടെ ആരംഭിച്ച സൗഹൃദ സംഗമം അബ്ദുല്‍ റസാഖ് നദ് വിയുടെ സമാപനത്തോടെ അവസാനിച്ചു.