കുവൈത്ത് : ഖുർആനിന്റെ വിശദീകരണവും ജീവിതാവിഷ്ക്കാരവുമാണ് പ്രവാചക ജീവിതമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം ഐ അബ്‌ദുൽ അസീസ് പറഞ്ഞു. കേരള ഇസ്‍ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി ഓൺലൈൻ പ്ളാറ്റ് ഫോമിൽ സംഘടിപ്പിച്ച ഹദീസ് സെമിനാർ ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചക ചര്യയുടെ അഭാവത്തിൽ ഇസ്‌ലാമിക ജീവിതം സാധ്യമല്ലെന്ന് പറഞ്ഞ അദ്ദേഹം പ്രവാചകനെയും പ്രവാചക ചര്യയെയും പിന്തുടരലാണ് യഥാർത്ഥ പ്രവാചക സ്നേഹമെന്ന് വ്യക്തമാക്കുകയും ചെയ്‌തു. പ്രവാചക ദൗത്യം ഖുർആനിക സന്ദേശം കൈമാറുക മാത്രമായിരുന്നില്ലെന്നും പ്രായോഗികമായി നടപ്പിലാക്കി കാണിച്ചുതരിക കൂടിയായിരുന്നു. മുസ്‌ലിം ലോകത്ത് ഇപ്പോൾ വീണ്ടും തലപൊക്കിത്തുടങ്ങിയിരിക്കുന്ന ഹദീസ് നിഷേധം ഇസ്‌ലാമിനെ തകർക്കാൻ നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
മുഹമ്മദ് നബിയോളം സൂക്ഷമമായും കൃത്യമായും ജീവ ചരിത്രം രേഖപ്പെടുത്തപ്പെട്ട ഒരാളും ലോകത്തില്ലായെന്നും അങ്ങിനെ വ്യക്തമായും വ്യതിരിക്തമായും ജീവിതത്തിലെ സൂക്ഷ്‌മ തലങ്ങൾ വരെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട ജീവിതം തലമുറകിലൂടെ കൈമാറ്റം ചെയ്‌ത് ശുദ്ധ ശുഭ്രതയോടെ നമുക്കിന്ന് ലഭ്യമാണെന്നും ഫൈസൽ മഞ്ചേരി പറഞ്ഞു. മുഹമ്മദ് നബി ആത്മീയ രംഗത്തും ഭൗതിക രംഗത്തും വിജയിച്ച നേതാവായതുകൊണ്ടാണ് ലോകത്തെ സ്വാധീനിച്ച നേതാക്കളിൽ പ്രവാചകൻ ഒന്നാമതെത്താൻ കാരണം.
പ്രവാചകന്റെ ഭാഷയും സംസാരവും വശ്യവും ആകർഷകവുമായിരുന്നുവെന്നും സംസാരത്തിന്റെ ആകർഷണീയതകൊണ്ട് പ്രവാചകൻ അനുവാചകർക്ക് സർവ സ്വീകാര്യനായിരുന്നുവെന്നും ഹദീസിന്റെ ആഴവും അഴകും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ ഡോക്‌ടർ ബഹാവുദ്ധീൻ നദ്‌വി കൂരിയാട് പറഞ്ഞു. കുറഞ്ഞ വാക്കുകകളിൽ കൂടുതൽ അർത്ഥ തലങ്ങളുള്ള കാര്യങ്ങളാണ് പ്രവാചകൻ പറഞ്ഞിരുന്നതെന്ന് അറബി ഭാഷാ സാഹിത്യ ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്വന്തത്തെ അറിഞ്ഞവൻ രക്ഷിതാവിനെ അറിഞ്ഞു എന്ന പ്രവാചക വചനം ഇതിന് തെളിവാണ്. സുന്ദരമായ വാക്കുകൾകൊണ്ടും സ്നേഹ സ് മൃണമായ പരിചരണങ്ങൾ കൊണ്ടും ശത്രുക്കളെ മിത്രങ്ങളാക്കിയ നിരവധി സംഭവങ്ങൾ പ്രവാചക ചരിത്രത്തിലുണ്ട്.
സെമിനാറിൽ വി ടി അബ്ദുല്ല കോയ തങ്ങൾ, വി എച്ച് അലിയാർ ഖാസിമി, ഇൽയാസ് മൗലവി, പി എൻ അബ്‌ദുൽ ലത്തീഫ് മദനി എന്നിവർ യഥാക്രമം സുന്നത്തിന്റെ പ്രാധാന്യം ഇസ്‌ലാമിൽ, ഹദീസുകളുടെ ആധുനികത, ഹദീസുകളുടെ ആധികാരികത, ഹദീസുകളോടുള്ള സമീപനം തെറ്റും ശരിയും തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി.
https://www.facebook.com/kigkuwait എന്ന ഫേസ് ബുക് പേജിൽ നടന്ന സെമിനാറിൽ കെ. ഐ. ജി. പ്രസിഡണ്ട് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി ടി ഷാഫി സ്വാഗതം പറഞ്ഞു.