കുവൈത്ത് സിറ്റി : ഹെവൻസ് ഖുർആൻ പാഠ്യ പദ്ധതി പ്രകാരം തെറ്റ് കൂടാതെ ഖുർആൻ പാരായണം പൂർത്തിയാക്കിയ അൽ മദ്റസത്തുൽ ഇസ്‌ലാമിയ ഒന്നാം ക്ളാസിലെ പ്രഥമ വിദ്യാർത്ഥിനി ഇശാൽ ബതൂലിനെ കെ. ഐ. ജി. വിദ്യാഭ്യാസ വകുപ്പ് അനുമോദിച്ചു. രണ്ട് വർഷം മുമ്പ് തുടങ്ങിയ കോഴ്‌സിലൂടെയാണ് ഖുർആൻ മുഴുവൻ തെറ്റ് കൂടാതെ പാരായണം നടത്താനുള്ള കഴിവ് അബ്ബാസിയ ബ്രാഞ്ചിലെ വിദ്യാർത്ഥിനി ഇശാൽ ബതൂൽ നേടിയെടുത്തത്. ഇശാൽ ബതൂലിനെ അനുമോദിച്ചുകൊണ്ട് കെ. ഐ. ജി. വിദ്യാഭ്യാസ വകുപ്പ് അനുമോദന സദസ് സംഘടിപ്പിച്ചു. അനുമോദന സദസ് മജ്‌ലിസ് എഡ്യൂക്കേഷൻ ബോർഡ് ചെയർമാൻ ഡോക്‌ടർ ആർ യൂസുഫ് ഉത്‌ഘാടനം ചെയ്‌തു.കേരള മദ്‌റസ എഡ്യൂക്കേഷൻ ബോർഡ് ഡയറക്‌ടർ സുശീർ ഹസൻ, ഹെവൻസ് ടീച്ചേർസ് ട്രൈനർ കെ. ശാക്കിർ, കെ. ഐ. ജി. വിദ്യാഭ്യാസ വകുപ്പ് ഡയറക്ർ അബ്‌ദുൽ റസാഖ് നദ്‌വി എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ഓൺലൈനിൽ സൂം ആപ്ളിക്കേഷനിൽ നടത്തിയ അനുമോദന സദസിൽ കെ. ഐ. ജി. പ്രസിഡണ്ട് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. ഇശാൽ ബത്തൂലിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിക്ക് പി ടി ഷാഫി സ്വാഗതം ആശംസിച്ചു.
ഇതിനകം അബ്ബാസിയ ബ്രാഞ്ചിലെ തന്നെ ഹിസാ മറിയം, സി പി. ഫാദിൽ, ഹന ഫാത്തിമ എന്നീ കുട്ടികളും സാൽമിയ ബ്രാഞ്ചിലെ മൻഹ ശരീഫ, ജഹാൻ ജന്ന എന്നീ കുട്ടികളും ഖുർആൻ മുഴുവൻ തെറ്റ് കൂടാതെ പാരയണം നടത്താനുള്ള കഴിവ് നേടിയിട്ടുണ്ട്. കുവൈത്തിലെ വിവിധ സ്ഥലങ്ങളിൽ കെ. ഐ. ജി. വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ നാല് മലയാളം മീഡിയം മദ്റസകളും മൂന്ന് ഇംഗ്ളീഷ് മീഡിയം മദ്റസകളും നടത്തി വരുന്നു. മത വിജ്ഞാനീയങ്ങൾ കൂടാതെ മാതൃഭാഷാ പഠനവും കൂടി ലക്ഷ്യം വെച്ചുള്ള മദ്‌റസകളിൽ 1500 ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. മജ്‌ലിസുത്തഅലീമില്‍ ഇസ്‌ലാമി കേരളയുടെ സിലബസും പാഠപുസ്തകങ്ങളുമാണ് കുവൈത്തിലെ മദ്‌റസകളിൽ അവലംബിക്കുന്നത്.