കുവൈത്ത് സിറ്റി: കുട്ടികളിൽ അന്വേഷണത്വരയും സ്വതന്ത്രമായ നിരീക്ഷണ സ്വഭാവവും വളർത്തിയെടുക്കുന്ന രൂപത്തിൽ വിദ്യാഭ്യാസ വ്യവസ്ഥയിൽ മാറ്റമുണ്ടാകണമെന്ന് പത്മശ്രീ അലി മണിക് ഫാൻ അഭിപ്രായപ്പെട്ടു. യൂത്ത് ഇന്ത്യ കുവൈത്തിൻ്റെ ആഭിമുഖ്യത്തിൽ ‘കണ്ട് പിടുത്തങ്ങളുടെ കപ്പിത്താൻ’ എന്ന തലകെട്ടിൽ നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള വിദ്യഭ്യാസ സംവിധാനത്തിൽ കുട്ടികളിലെ അന്വേഷണാത്മകത വളർത്തിക്കൊണ്ടുവരാനുള്ള സാഹചര്യങ്ങൾ കുറവാണെന്ന് മാത്രമല്ല പാഠപുസ്തകങ്ങളിൽ നിന്ന് പഠിക്കുന്നത് മനഃപാഠമാക്കികൊണ്ട് പരീക്ഷയെഴുതി വിജയിക്കുക എന്നതിനപ്പുറം സ്വതന്തമായ നിരീക്ഷണ കണ്ടത്തലുകൾക്ക് പ്രേരണ നൽകുന്ന സാഹചര്യങ്ങളും കുറവാണെന്ന് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ അലി മണിക് ഫാൻ വ്യക്തമാക്കി.
സമുദ്ര ശാസ്ത്രം, വാന ഗവേഷണം, മൽസ്യ നിരീക്ഷണം, കൃഷി രീതികൾ, ചുരുങ്ങിയ ചെലവുകളിൽ ചെയ്യുന്ന ഊർജ്ജ സംവിധാനങ്ങൾ, ഭാഷാ പഠനം, കപ്പൽ നിർമ്മാണ ശാസ്ത്രം, ഹിജ്റ കലണ്ടർ തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ പ്രേഷകരുടെ സംശയങ്ങൾക്ക് മണിക് ഫാൻ മറുപടി നൽകി.
ഓൺലൈനിൽ നടത്തിയ സംവാദത്തിൽ യൂത്ത് ഇന്ത്യ പ്രസിഡൻ്റ് ഉസാമ അബ്ദുൽ റസാഖ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ കരിയർ & സെൽഫ് ഡെവലെപ്മെൻറ് കൺവീനർ നിയാസ് മുഹമ്മദ് മോഡറേറ്ററായ പരിപാടിയിൽ യൂത്ത് ഇന്ത്യ ജനറൽ സെക്രടറി ഫഹീം മുഹമ്മദ് സ്വാഗതം പറഞ്ഞു. നാട്ടിൽ യൂത്ത് ഇന്ത്യ പ്രതിനിധി റയ്യാൻ ഖലീൽ അലി മണിക് ഫാന് മൊമെൻ്റോ കൈമാറി. സിജിൽ ഖാൻ ഖിറാഅത്തും വൈസ് പ്രസിഡൻറ് മെഹനാസ് മുസ്തഫ സമാപന പ്രസംഗവും നടത്തി.