കുവൈത്ത് : അവഗണിക്കപ്പെട്ട പിന്നാക്ക ന്യൂന പക്ഷ ജന വിഭാഗങ്ങൾക്ക് ജീവിതത്തിൽ പ്രത്യാശയും പ്രതീക്ഷയും നൽകി അവരെ കൈപിടിച്ചുയർത്തിയ അതുല്യനായ നേതാവായിരുന്നു പ്രൊഫസർ സിദ്ധീഖ് ഹസനെന്ന് കേരള ഇസ്‌ലാമിക് ഗ്രൂപ്പ്, (കെ ഐ ജി ) കുവൈത്ത് കേന്ദ്ര കൂടിയാലോചന സമിതി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിസ്ഥാന ജീവിത സൗകര്യങ്ങളില്ലാതെ ദുരിത ജീവിതം നയിക്കുന്ന ജനങ്ങളെ സമുദ്ധരിക്കാൻ ബൃഹത്തായ സേവന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ഒട്ടനവധി സാമൂഹ്യ സേവന സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്‌ത അദ്ദേഹം ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും ഇസ്‌ലാമിന്റെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ ധീരമായ ഇടപെടലുകൾ നടത്തിയ അദ്ദേഹം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇസ്‌ലാമിക പ്രസ്ഥാനത്തിനും പൊതു സമൂഹത്തിനും തീരാ നഷ്‌ടമാണ്.