കുവൈത്ത് : അന്തരിച്ച പ്രമുഖ പണ്ഡിതനും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമായ പ്രൊഫസർ കെ. എ. സിദ്ധീഖ് ഹസൻ സാഹിബി ന്റെ നിര്യാണത്തിൽ കേരള ഇസ്‌ലാമിക് ഗ്രൂപ് (കെ.ഐ.ജി.) കുവൈത്ത് അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു. ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുവാൻ അക്ഷീണം യത്നിക്കുകയും അതിനുവേണ്ടി നിരവധി സാമൂഹ്യ സേവന സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്‌ത കേരള ചരിത്രത്തിലെ വേറിട്ട വ്യക്തിത്വമായിരുന്നു സിദ്ധീഖ് ഹസനെന്ന് സമ്മേളനത്തിൽ പ്രഭാഷണം നടത്തിയവർ അഭിപ്രായപ്പെട്ടു. അശരണരോടും അവലംബ ഹീനരോടുമൊപ്പം ചേർന്ന് നിന്ന് അവരിലൊരാളായി പ്രവർത്തിക്കുകയും സാമൂഹ്യ നീതിയുടെ പൂർണതക്ക് വേണ്ടി നിലകൊള്ളുകയും ചെയ്‌ത ഉന്നത വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഉദാത്തമായ നൻമകൾ പൊതു സമൂഹവും വിശിഷ്യാ ഇസ്‌ലാമിക സമൂഹവും ഏറ്റെടുക്കണമെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു.
സൂം പ്ളാറ്റ് ഫോമിൽ നടന്ന സമ്മേളനത്തിൽ കുവൈത്തിലെ അറബ് പ്രമുഖരും പങ്കെടുത്തു. ഡോക്ടർ ഖാലിദ് അൽ മദ്കൂർ, ഡോക്‌ടർ നാസർ അൽ സാനിഅ, ജമാൽ അബ്ദുൽ ഖാലിഖ് അന്നൂരി, അഡ്വക്കറ്റ് മുബാറക്ക് അൽ മുത്തവ്വ, ഡോക്‌ടർ ഉമർ ഫർഗലി, അബ്ദുല്ലാഹ് ഉസ്മാൻ അൽ ഹൈദർ, ഖാലിദ് അൽ സബ, മുഹമ്മദലി, ഡോക്‌ടർ മുത്വലഖ് അൽ ഖറാവി, കരീം ഇർഫാൻ, പർവ്വേശ് ഷംവേൽ, ഐ ഡി എഫ് പ്രസിഡണ്ട് ഡോക്‌ടർ അമീർ അഹ്‌മദ്, കെ. ഐ. ജി വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ, ഖലീൽ അടൂർ, ഷബീർ മുഹമ്മദ്, വെൽഫെയർ കേരള പ്രസിഡണ്ട് അൻവർ സഈദ് എന്നിവർ അനുസ്‌മരണ പ്രസംഗം നടത്തി.
കെ. ഐ. ജി. പ്രസിഡണ്ട് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. കേന്ദ്ര കൂടിയാലോചന സമിതി അംഗം അബ്‌ദുൽ റസാഖ് നദ്‌വി സ്വാഗതം ആശംസിച്ചു. അനീസ് അബ്‌ദുസ്സലാം ഖുർആൻ പാരായണം നടത്തി.