കുവൈത്ത് : കേരള മദ്‌റസ എഡ്യൂക്കേഷൻ ബോർഡ് നടത്തിയ 2020 – 2021 അധ്യയന വർഷത്തെ ഏഴാം ക്ളാസ് പൊതുപരീക്ഷയിൽ കേരള ഇസ്‌ലാമിക് ഗ്രൂപ് വിദ്യാഭ്യാസ ബോർഡിന് കീഴിൽ കുവൈത്തിൽ പ്രവർത്തിക്കുന്ന അൽ മദ്റസത്തുൽ ഇസ്‌ലാമിയയുടെ വിവിധ ബ്രാഞ്ചുകളിലെ വിദ്യാർത്ഥികൾ ഉന്നത വിജയം നേടി. ഫഹാഹീൽ ബ്രാഞ്ചിലെ വിദ്യാർത്ഥികളായ ഫിസാൻ അബ്ദുൽ ഖാദർ 348 മാർക്ക് നേടി ഒന്നാം സ്ഥാനവും ശാലിഖ് അബ്‌ദുൽ അസീസ് 347 മാർക്ക് നേടി രണ്ടാം സ്ഥാനവും ഹദ്‌യ മറിയം 342 മാർക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തിലെയും കുവൈത്തടക്കമുള്ള ഗൾഫ് നാടുകളിലെയും മദ്റസകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത പ്രൈമറി സർട്ടിഫിക്കറ്റ് പൊതു പരീക്ഷയിൽ കുവൈത്തിലെ ഫഹാഹീൽ, ഫർവാനിയ, അബ്ബാസിയ, സാൽമിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 4 മദ്‌റസകളിൽ നിന്നായി 44 പേർ പരീക്ഷ എഴുതുകയുണ്ടായി. majliseduboard.org എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനിൽ നടത്തിയ പരീക്ഷയിൽ 20 A+, 10 A , 10 B+ ഗ്രേഡുകൾ നേടി കുവൈത്തിൽ നിന്ന് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയികളായി. വിജയികളെ കെ. ഐ. ജി. പ്രസിഡണ്ട് ഫൈസൽ മഞ്ചേരി, വിദ്യാഭ്യാസ ബോർഡ് ഡയറക്‌ടർ അബ്‌ദുൽ റസാഖ് നദ്‌വി എന്നിവർ അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു.