കുവൈത്ത് സിറ്റി: മലബാര്‍ സമര രക്തസാക്ഷികളുടെ പേരുകള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍
ഹിസ്റ്റോറിക്കല്‍ റിസര്‍ച് പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാനുള്ള നീക്കം അപലപനീയവും അവരോടുള്ള അനാദരവുമാണെന്ന് കേരളം ഇസ്‌ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. ബ്രിട്ടീഷുകാരോടും അവരെ പിന്തുണച്ചവരോടും വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ജീവത്യാഗവും ചെയ്തവരാണ് മലബാർ സമര
രക്തസാക്ഷികൾ. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഒരേടാണ് മലബാർ സമരം. ലോകം അംഗീകരിച്ച ചരിത്ര രേഖകളിൽ ഇത് സുവ്യക്തമാണ്.
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒരു സംഭാവനയും പറയാനില്ലാത്തവരും ഒറ്റുകാരുടെ പിൻമുറക്കാരും ചരിത്രത്തെ വളച്ചൊടിക്കുകയും മായ്ച്ചുകളയാൻ ശ്രമിക്കുകയുമാണ്. യഥാർഥ രാജ്യസ്നേഹികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്‌ലിയാരും ഉള്‍പ്പെടെയുള്ളവരുടെ പോരാട്ട വീര്യം പുതുതലമുറക്ക് ആവേശവും പ്രചോദനവും നൽകുന്നതാണ്. അവരെ വിസ്മൃതിയിലേക്ക് തള്ളാനും വില്ലന്മാരാക്കി ചിത്രീകരിക്കാനുമുള്ള ഫാഷിസ്റ്റുകളുടെ ശ്രമം വിജയിക്കാൻ പോകുന്നില്ല. ഇത്തരം ശ്രമങ്ങളെ ചെറുക്കാൻ ജനാധിപത്യ സമൂഹം ജാഗ്രത പുലർത്തണമെന്ന് കെ.ഐ.ജി. കുവൈത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞു.