കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഈണം സൗഹൃദ സംഗമം നടത്തി. ഈദ് ഓണം ആഘോഷങ്ങളാണ് ഈണം
എന്നപേരിൽ സംയുക്തമായി നടത്തിയത്. സൗഹൃദവേദി പ്രസിഡൻറ് സുന്ദരൻ നായർ അധ്യക്ഷത വഹിച്ചു. തുല്യതയില്ലാത്ത പ്രതിസന്ധികൾ അനുഭവിച്ച ഘട്ടത്തിൽ മനുഷ്യർക്കിടയിൽ വിദ്വേഷത്തിനും കാലുഷ്യത്തിനും സ്ഥാനമുണ്ടായിരുന്നില്ലെന്നും മനുഷ്യൻ എത്ര നിസ്സാരനും നിസ്സഹായനുമാണെന്ന് കോവിഡ് കാലം നമ്മെ പഠിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. വിദ്വേഷ വർത്തമാനങ്ങളുടെ കാലത്ത് ഇത്തരം സംഗമങ്ങൾ മനുഷ്യമനസ്സുകളെ കൂട്ടിയിണക്കുന്നുവെന്നും ഇവിടെ കൂടിയിരിക്കുന്നവർ സമൂഹത്തിൽ വലിയ ദൗത്യമാണ് നിർവഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് ഷിബിലി ഈദ്, ഓണ സന്ദേശം നൽകി. ഈദും ഓണവുമടക്കം ആഘോഷങ്ങൾ നമുക്ക് നൽകുന്നത് മനുഷ്യത്വത്തിന്റെയും മാനവികതയുടെയും പാഠങ്ങളും സഹവർത്തിത്വത്തിെൻറ സന്ദേശവും ആണെന്ന് അദ്ദേഹം പറഞ്ഞു. നിഷാദ് ഇളയത്, ചന്ദ്രബാബു, അൻവർ, സമദ്, മുസ്തഫ എന്നിവർ സംസാരിച്ചു. കെ.വി. നൗഫൽ, സുന്ദരൻ നായർ, സമദ്, മുഖ്സിത്, അൻവർ, ഇളയത് എന്നിവരുടെ ഗാനങ്ങളും അഫ്റീൻ അഷ്റഫിന്റെ നൃത്തവും പരിപാടിയുടെ മാറ്റ് കൂട്ടി. ഓണസദ്യയോട് കൂടി ഫർവാനിയ ന്യൂ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടത്തിയ സൗഹൃദ സംഗമത്തിൽ കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡൻറ് സി.പി. നൈസാം സ്വാഗതവും പ്രോഗ്രാം കൺവീനർ യു. അഷ്റഫ് നന്ദിയും പറഞ്ഞു.