കുവൈത്ത് : പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോക്‌ടർ പി എ ഇബ്‌റാഹീം ഹാജിയുടെ നിര്യാണത്തിൽ കേരള ഇസ്‌ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. നിരവധി സാമൂഹ്യ സേവന സംരംഭങ്ങളെയും അനവധി ജീവ കാരുണ്യ പ്രവർത്തനങ്ങളെയും കലവറയില്ലാതെ പിന്തുണച്ച ഉദാരതയുടെ സൗമ്യ രൂപമായിരുന്നു മരണപ്പെട്ട ഇബ്‌റാഹീം ഹാജി. സമൂഹത്തിന്റെ വ്യത്യസ്‌ത മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം സൂക്ഷ്‌മതയും ജാഗ്രതയുമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു. നിര്‍ധനരായ നിരവധി ആളുകൾക്ക് താങ്ങും തണലുമായി നിന്ന് അവരെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.