കുവൈത്ത് സിറ്റി: പുണ്യങ്ങൾ ഏറെ ലഭിക്കുന്ന റമദാൻ മാസത്തെ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി ജീവിത വിശുദ്ധി നേടിയെടുക്കാൻ വിശ്വാസികൾ തയ്യാറാകണമെന്ന് കെ. ഐ. ജി. കുവൈത്ത് പ്രസിഡണ്ട് പി ടി ശരീഫ് പറഞ്ഞു. കേരള ഇസ്‌ലാമിക് ഗ്രൂപ് ഫഹാഹീൽ അബൂഹലീഫ ഏരിയകൾ സംയുക്തമായി റമദാനിനെ സ്വാഗതം ചെയ്തുകൊണ്ട് സംഘടിപ്പിച്ച മർഹബൻ യാ റമദാൻ പഠന സംഗമം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസും ശരീരവും ഒരുപോലെ വിമലീകരിക്കാനും ഖുർആനിക അധ്യാപനങ്ങൾക്കനുസരിച്ച് നന്നാക്കുവാനുമുള്ള അസുലഭ സന്ദർഭമാണ് റമദാൻ. ദൈവ മാർഗത്തിലെ രക്ത സാക്ഷിയെക്കാൾ മഹത്വവും പ്രാധാന്യവും റമദാനിനെ ഉപയോഗപ്പെടുത്തുന്ന വിശ്വസിക്കുണ്ട് എന്ന് അദ്ദേഹം ചരിത്ര പാഠങ്ങൾ പരാമർശിച്ചുകൊണ്ട് പറഞ്ഞു.
ഖുർആനും പ്രവാചക ചര്യയും പരിചയപ്പെടുത്തുന്ന രൂപത്തിൽ റമദാൻ ആചരിക്കാനുള്ള തയ്യാറെടുപ്പുകൾ വിശ്വാസികൾ നടത്തണം. ദുഷിച്ച ചിന്തകളിൽ നിന്ന് മനസ് ശുദ്ധമാക്കി സ്വർഗ പ്രവേശനം ഉറപ്പുവരുത്തുകയാണ് ഓരോ വിശ്വാസിയും ചെയ്യേണ്ടത്. അശരണരുടെ ആത്മഗതങ്ങൾ അടുത്തറിയുക എന്നത് റമദാൻ കാലത്ത് ആർജിച്ചെടുക്കേണ്ട സവിശേഷമായ ഗുണങ്ങളിലൊന്നാണ്. റമദാനിനെ വരവേൽക്കാം എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് അബ്‌ദുള്ള മൻഹാം പറഞ്ഞു.
വിശ്വാസിയുടെ ജീവിതത്തിൽ ഖുർആനിന്റെ സ്ഥാനം എന്താണെന്ന് ശരിയായി രൂപത്തിൽ മനസിലാക്കിയാൽ മാത്രമേ ഒരു വിശ്വാസിക്ക് ജീവിത വിജയം നേടാൻ കഴിയൂ. ഖുർആൻ വായിക്കുകയും പഠിക്കുകയും ചെയ്യൽ വിശ്വാസികൾക്ക് നിർബന്ധമാണ്. അതോടൊപ്പം ഖുർആനോടുള്ള അവഗണന പ്രവാചകനേയും അല്ലാഹുവിനെയും നിഷേധിക്കുന്നതിന് തുല്യമാണ്. ഖുർആനും വിശ്വാസിയുടെ ജീവിതവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് കെ. ഐ. ജി. കേന്ദ്ര വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ പറഞ്ഞു.
ഖുർആൻ സ്റ്റഡി സെന്ററിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളായ സൗമ്യ സാബിർ, ഷഹന നസീം, പി.കെ.നവാസ്, ജുബീന, മുബാറക്, സനോജ്, ഫവാസ് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.
ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന പഠന സംഗമത്തിൽ കെ. ഐ. ജി. അബൂഹലീഫ ഏരിയ പ്രസിഡണ്ട് അബ്‌ദുൽ ബാസിത് അധ്യക്ഷതവഹിച്ചു. അബ്‌ദുൽ ലത്തീഫ് (ഓമശേരി ശാന്തി ഹോസ്‌പിറ്റൽ), കേന്ദ്ര കമ്മിറ്റി അംഗം നിയാസ് ഇസ്‌ലാഹി, കൺവീനർ പി സമീർ മുഹമ്മദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഫഹാഹീൽ ഏരിയ പ്രസിഡണ്ട് സാബിഖ് യൂസുഫ് സ്വാഗതം പറഞ്ഞു. മുഹമ്മദ് അബൂയാസീൻ ഖുർആൻ പാരായണം നടത്തി. പ്രോഗ്രാം കൺവീനർ എം.ഐ.മുഹമ്മദ് നസീം നന്ദി പറഞ്ഞു.