കുവൈത്ത് സിറ്റി: ദൈവ ഭക്തിയും ശരിയായ ജീവിത വീക്ഷണവും ഉള്ളവരെ ഭയപ്പെടുത്താൻ ഭൂമിയിൽ ഒരു ശക്തിക്കും കഴിയില്ലെന്നും വൈകിയാലും വിജയം അവർക്കുള്ളതാണെന്നും പ്രമുഖ പണ്ഡിതനും അൽ ജാമിയ അൽ ഇസ്ലാമിയ ശാന്തപുരം റെക്ടറുമായ ഡോക്‌ടർ അബ്ദുസ്സലാം അഹ്‌മദ് പറഞ്ഞു. കേരള ഇസ്‌ലാമിക് ഗ്രൂപ്പ് ഫർവാനിയ ഏരിയ സംഘടിപ്പിച്ച മർഹബൻ യാ റമദാൻ പഠന സംഗമത്തിൽ ദൈവം കൂടെയുണ്ട്, നിർഭയരാകുക എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സർവാധികാരത്തോടെ ജനങ്ങളെ അടിച്ചമർത്തിയവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണുള്ളത്.
വലിയ പ്രതിസന്ധികളും ക്രൂരതകളും നേരിട്ടുകൊണ്ടാണ് ലോക ജനത ഇന്നത്തെ അവസ്ഥയിൽ എത്തിയിട്ടുള്ളത്. ഏത് വെല്ലുവിളിയും നേരിടാൻ മനസ് പാകപ്പെടുത്തുകയും ദൈവത്തിൽ ഭരമേൽപ്പിച്ച് നീതിമാർഗത്തിൽ പൊരുതുകയും ചെയ്താൽ വിജയം വരിക്കുമെന്നത് ദൈവത്തിെൻറയും പ്രവാചകെൻറയും വാഗ്ദാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘റമദാനെ വരവേൽക്കുക’ എന്ന വിഷയത്തിൽ കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡൻറ് ഫൈസൽ മഞ്ചേരി സംസാരിച്ചു. പാപത്തിൽ നിന്ന് വിശുദ്ധിയിലേക്ക് വഴി നടത്താൻ മനുഷ്യനെ സഹായിക്കുന്ന പരിശീലന കാലമാണ് വിശുദ്ധ റമദാൻ എന്നും ആദരവോടെയും തയാറെടുപ്പോട് കൂടിയും പുണ്യമാസത്തെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങണമെന്നും അദ്ദേഹം പറഞ്ഞു. റമദാനിൽ പ്രത്യേകമായി നിർവഹിക്കുന്ന ആരാധന കർമ്മങ്ങൾ ഇപ്പോൾ തന്നെ ചെയ്തുതുടങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പഠന സംഗമത്തിൽ ഏരിയ പ്രസിഡൻറ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളേജ് സെക്രട്ടറിയും സി.ഐ.സി. ഖത്തർ മുൻ പ്രസിഡണ്ടുമായ കെ. സുബൈർ പഠന സംഗമം ഉദ്ഘാടനം നിർവഹിച്ചു. കെ ഐ ജി കുവൈത്ത് പ്രസിഡണ്ട് പി.ടി.ശരീഫ് ചടങ്ങിൽ പങ്കെടുത്തു. ഫറോക്ക് ഇർഷാദിയ കോളേജ് പ്രസിഡണ്ട് പി.സി. ബഷീർ സമാപന പ്രസംഗം നടത്തി. ഏരിയ സെക്രട്ടറി മുഹമ്മദ് റഫീഖ് സ്വാഗതവും പ്രോഗ്രാം കൺവീനർ അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു.നബാ ഫൈസൽ ഖിറാഅത്ത് നടത്തി.