കുവൈത്ത് സിറ്റി: അങ്ങേയറ്റം വർഗീയ വിഷം വമിക്കുന്ന പ്രസ്താവകൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പി സി ജോർജിനെ തുറുങ്കിലടക്കണമെന്ന്കെ.ഐ.ജി. കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മതേതര ജനാധിപത്യ സംസ്കാരത്തെ വെല്ലിവിളിച്ചുകൊണ്ട് കടുത്ത വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇത്തരക്കാരെ ചങ്ങലക്കിടാൻ സർക്കാർ ഒട്ടും അമാന്തിക്കരുത്. അസത്യവും കള്ളവും നിറഞ്ഞ പ്രസ്‌താവനകളാണ് ഇസ്‌ലാമിനും ഇസ്‌ലാമിക സമൂഹത്തിനും നേരെ അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്. വ്യത്യസ്‌ത ജനവിഭാഗങ്ങൾ ജീവിക്കുന്ന ബഹുസ്വര സമൂഹത്തിൽ ഇത്തരം വിഷലിപ്‌തമായ പ്രചാരണങ്ങൾ അനുവദിക്കാൻ പാടുള്ളതല്ല.
പറഞ്ഞതൊക്കെയും ആവർത്തിക്കുകയും അതിലുറച്ചുനിൽക്കുകയും ചെയ്യുന്ന ധാർഷ്ട്യം നിറഞ്ഞ അദ്ദേഹത്തിന്റെ നിലപാട് ആശങ്കയുളവാക്കുന്നതും രാജ്യത്തിന്റെ മതേതര പൈതൃകത്തിന് അത്യന്തം ആപത്കരവുമാണ്. സമാധാന പൂർണ്ണമായ സാമൂഹ്യ ജീവിതം തകർക്കുന്ന ഇത്തരം പ്രചാരണങ്ങൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതും അതിനെ പിന്തുണക്കുന്നതും കയ്യടിക്കുന്നത്തും അപകടകരമായ പ്രവണതയാണ്. സമാധാന സ്നേഹികളായ മുഴുവൻ ജനവിഭാഗങ്ങളും ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ രംഗത്തുവരണമെന്ന് പ്രസ്‌താവന ആവശ്യപ്പെട്ടു.