കുവൈത്ത് സിറ്റി. ലോകം മുഴുവൻ ആദരിക്കുന്ന പ്രവാചകനെ നിന്ദിക്കാനുള്ള അധമശക്തികളുടെ നീക്കത്തിന് പിന്നിൽ വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് ഫൈസൽ മഞ്ചേരി പറഞ്ഞു. പ്രവാചക നിന്ദയുടെ രാഷ്ട്രീയം എന്ന തലക്കെട്ടിൽ കെ.ഐ.ജി. കേന്ദ്ര കമ്മിറ്റി നടത്തിയ ചർച്ച സമ്മേളനത്തിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ഉത്തമ സമൂഹത്തെ വാർത്തെടുക്കുകയും
സമൂഹത്തിന് സംസ്‌കാര സമ്പന്നമായ ചരിത്രവും വർത്തമാനവും സമ്മാനിക്കുകയും ചെയ്‌ത
അതുവഴി സമൂഹം വളരെയേറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരെ അപകീർത്തിപ്പെടുത്തുന്നവരോട് മാനിഷാദ പറയാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണം.
സ്വത്തും ജീവനും അപായപ്പെടുത്തി ഭീതിയുടെ അന്തരീക്ഷം സൃഷ്‌ടിച്ച് ഒരു പ്രത്യേക വിഭാഗത്തെ വരുതിയിൽ നിർത്താനുള്ള അജണ്ടയാണ് നബി നിന്ദകർ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് ഇസ്‌ലാമിക സമൂഹം നിർവഹിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ ദൗത്യങ്ങൾ ശത്രുക്കൾ പേടിയോടെയാണ് നോക്കിക്കാണുന്നത്. മുസ്‍ലിംകളുടെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ ഇടപെടലുകൾ വംശീയ ശക്തികൾ ഇസ്‌ലാം പേടിയുടെ അന്തരീക്ഷം സൃഷ്‌ടിച്ചെടുക്കാൻ കാരണമാക്കുന്നു.
ഏകാധിപതികളുടെ അന്ത്യം അതി ദയനീമായിരിക്കുമെന്നും ധിക്കാരികളോട് നൻമയുടെ സമീപനമായിരിക്കണം നടത്തേണ്ടതെന്നും ഉണർത്തിയ അദ്ദേഹം വംശീയ ഉത്മൂലനത്തിന് ശ്രമിച്ച ഏകാധിപതികളുടെ ദയനീയമായ പതനത്തിന്റെ ചരിത്ര പാഠങ്ങളാണ് പ്രതിസന്ധികൾ നിറഞ്ഞ കാലത്ത് വിശ്വാസികൾക്ക് കരുത്ത് പകരേണ്ടതെന്ന് പറഞ്ഞു.
ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഗാലിബ് മശ്ഹൂർ തങ്ങൾ, സത്താർ കുന്നിൽ, അബ്ദുറഹ്മാൻ തങ്ങൾ, അബ്ദുൾ ഹമീദ് കൊടുവള്ളി, മുഹമ്മദ് അസ്ഹർ അത്തേരി,
എ. വി.മുസ്തഫ, മെഹബൂബ അനീസ്, മെഹ് നാസ് മുസ്തഫ എന്നിവർ സംസാരിച്ചു. കെ.ഐ.ജി. കേന്ദ്ര വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ
മോഡറേറ്ററായിരുന്നു.
ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി. കേന്ദ്ര പ്രസിഡണ്ട്
പി ടി ശരീഫ് അധ്യക്ഷത വഹിച്ചു. അബ്‌ദുൽ ബാസിത് ഖുർആൻ പാരായണം നടത്തി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു.