കുവൈത്ത് സിറ്റി: സമൂഹത്തിൽ സൃഷ്‌ടിക്കപ്പെടുന്ന സംശയങ്ങളും തെറ്റിദ്ധാരണകളും വിപാടനം ചെയ്യാൻ ആശയങ്ങൾ കൈമാറ്റങ്ങൾ നടക്കണമെന്നും അതിന് ആരോഗ്യകരമായ സംവാദ സംസ്‌കാരം വളർത്തിയെടുക്കുകയാണ് വേണ്ടതെന്നും കേരള ഇസ്‌ലാമിക് ഗ്രൂപ് കേന്ദ്ര പ്രസിഡണ്ട് പി.ടി. ശരീഫ് പറഞ്ഞു.
കേരള ഇസ്‌ലാമിക് ഗ്രൂപ് കേന്ദ്ര പ്രസിഡണ്ട് പി.ടി. ശരീഫ് പറഞ്ഞു. ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ എന്ന തലക്കെട്ടിൽ കെ.ഐ.ജി. കുവൈത്ത് നടത്തുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇസ്‌ലാമിനെ ശരിയായ രൂപത്തിൽ പ്രതിനിധാനം നിർവഹിക്കുവാൻ വിശ്വാസികൾ തയ്യാറാകണം. കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന പരിപാടികളിൽ ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചക്കെടുത്ത് ജനങ്ങളുമായി ഏറ്റവും ഉത്തമമായ രൂപത്തിൽ സംവദിക്കുമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
കാമ്പയിനിന്റെ പ്രസക്തി വിശദീകരിച്ചുകൊണ്ട് സക്കീർ ഹുസൈൻ തുവ്വൂർ സംസാരിച്ചു.
ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നതിൽ സയണിസ്റ്റുകളും വംശീയ വാദികളും മുതലാളിത്ത ശക്തികളും
കൈകോർത്തിരിക്കുകയാണെന്നും ഇസ്‌ലാം വിരോധം സജീവമാക്കി നിർത്തി നിക്ഷിപ്ത താത്പര്യങ്ങൾ നടപ്പിലാക്കുവാനുള്ള ഗൂഢ ശ്രമമാണ് അതിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ വിലക്കെടുത്ത് തെറ്റായ ചരിത്രം രൂപീകരിക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നു. ഇതിനെ സൗഹാർദാന്തരീക്ഷം ഉയർത്തിപ്പിടിച്ച് സംവദിക്കുകയാണ് വേണ്ടത്.
സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെയാണ് കാമ്പയിൻ കാലം. മേഖല തലങ്ങളിൽ ഫ്രണ്ട്സ് സർക്കിൾ സംഗമങ്ങൾ, ഏരിയ തലങ്ങളിൽ സൗഹൃദ സദസുകൾ, യൂണിറ്റ് തലങ്ങളിൽ യൂണിറ്റ് സമ്മേളനങ്ങൾ, പ്രശ്നോത്തരി, ലഘുലേഖ വിതരണം എന്നിവയാണ് കാമ്പയിൻ കാലത്തെ പ്രധാന പ്രവർത്തങ്ങൾ.
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ ചേർന്ന നടന്ന പരിപാടിയിൽ
കെ.ഐ.ജി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ
വിവിധ യൂണിറ്റുകളുടെയും ഏരിയകളുടെയും ഭാരവാഹികൾ പങ്കെടുത്തു. അബ്‌ദു റസാഖ് നദ്‌വി സമാപന പ്രസംഗം നടത്തി. സിറാജ് സ്രാമ്പിക്കൽ സ്വാഗതം പറഞ്ഞു. അബ്‌ദുൾ ബാസിത് ഖുർആൻ പാരായണം നടത്തി.