കുവൈത്ത്: കേരള ഇസ് ലാമിക് ഗ്രൂപ്പ് കുവൈത്ത് “കാരുണ്യമാണ് പ്രവാചകൻ” എന്ന തലക്കെട്ടിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. റൂബി ജോസഫ് (മെഹ്ബൂല) ഒന്നാം സ്ഥാനവും ടി.എ.ഷമീന (ഫഹാഹീൽ) രണ്ടാം സ്ഥാനവും രാധിക (ഖൈത്താൻ) മൂന്നാം സ്ഥാനവും നേടി വിജയികളായി. കെ.ടി.നിസാർ, ഷിജോ ബേബി, മധുപ്രകാശ്, കെ.ടി.മുഹമ്മദ് കുഞ്ഞി, അനി കെ അയ്യപ്പൻ, ഹിബ നജീബ്, ഹുസ്‌ന നജീബ്, റഷീദ് യൂസഫ്, ശ്രീജിത്ത്, ഷിബിന എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.
പ്രവാചക ജീവിതത്തെ ആസ്‌പദമാക്കി എഴുതിയ “ആ മനുഷ്യ ഹൃദയം ഉറങ്ങിയില്ല” എന്ന ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ഓൺ ലൈൻ വഴി ക്വിസ് മത്സരം നടന്നത്. നൂറിലധികം ആളുകൾ മത്സരങ്ങളിൽ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയികളായവർക്ക് യഥാക്രമം 40, 20, 15 ദിനാർ വീതം സമ്മാനം നൽകും. മത്സരങ്ങൾക്ക് അബ്‌ദു റസാഖ് നദവി, സിറാജ് സ്രാമ്പിക്കൽ, മുഹമ്മദ് നൈസാം എന്നിവർ നേതൃത്വം നൽകി.