കുവൈത്ത് സിറ്റി: കാലഘട്ടത്തിന്റെ ഭാഷയിൽ എഴുതിയും സംസാരിച്ചും ലോക ഇസ്‌ലാമിക സമൂഹത്തിന് നേതൃത്വം നൽകി യഥാർത്ഥ പണ്ഡിത ധർമം നിർവഹിച്ച വ്യക്തിത്വത്തിനുടമയായിരുന്നു അന്തരിച്ച ലോക പ്രശസ്‌ത ഇസ്‌ലാമിക പണ്ഡിതൻ ഡോക്‌ടർ യൂസുഫ് അബ്ദുല്ല അൽ ഖറദാവിയെന്ന് കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിക്ഷേപങ്ങൾക്കും അടിച്ചമർത്തലുകൾക്കും വിധേയമായികൊണ്ടിരുന്ന മുസ്‌ലിംകളുടെ ആശ്രയവും അവലംബവുമായിരുന്നു ഖറദാവി. മുസ്‌ലിംകൾക്ക് വേണ്ടി ധീരമായി സംസാരിക്കുകയും അവരുടെ അഭിമാന ബോധമുയർത്തുകയും അവർക്ക് പ്രത്യാശയുടെയും പ്രതീക്ഷയുടെയും പാഠങ്ങൾ പകർന്നുനൽകുകയും ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്‌തുലമായിരുന്നു. അധിനിവേശ വംശീയ ശക്തികൾ തീർത്ത അരക്ഷിതാവസ്ഥയിൽ മുസ്‌ലിംകൾക്ക് വിവേകത്തിന്റെയും വിചാരത്തിന്റെയും വഴികൾ കാണിച്ചുകൊടുത്ത് അവർക്ക് കരുത്ത് പകർന്ന നേതാവ് കൂടിയായിരുന്നു അദ്ധേഹം.