കുവൈത്ത് : മാനവികതയിൽ ഉണ്ടായ അധോഗതി കാരണം അയൽവീട്ടിലേക്കുള്ള അകലം കൂടിയ വർത്തമാന കാല സാഹചര്യത്തിൽ മാനവികതയുടെ വീണ്ടെടുപ്പ് കാലത്തിന്റെ തേട്ടമാണെന്ന് എഴുത്തുകാരനും ചിന്തകനുമായ ജി കെ എടത്തനാട്ടുകര പറഞ്ഞു. കേരള ഇസ്‌ലാമിക് ഗ്രൂപ് അബൂഹലീഫ ഏരിയ സംഘടിപ്പിച്ച സൗഹൃദ സദസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. പരസ്‌പരം അടുക്കുന്നതിനും ഇടപഴകുന്നതിനുമുള്ള സാധ്യതകളും സംവിധാനങ്ങളും കൂടിയ കാലമായിട്ടും മനുഷ്യർ തമ്മിലുള്ള അകലം കൂടിയിരിക്കുന്നു. അതോടൊപ്പം ഭൗതിക പുരോഗതിയുടെ ഭാഗമായി രാജ്യങ്ങളും വൻകരകളും തമ്മിൽ അകലം കുറയുകയും ചെയ്‌തിരിക്കുന്നു. അകലങ്ങൾ രൂപപ്പെടുന്നത് അറിയുന്നതിന് തടസമാകുന്നു. അങ്ങിനെ അറിവില്ലായ്‌മ ശത്രുതക്ക് കാരണമാകുകയും ചെയ്യുന്നു. വിവര വിപ്ളവത്തിന്റെ കാലമായിട്ടും ഇങ്ങിനെ സംഭവിക്കുന്നത് അറിവിനപ്പുറത്തുള്ള തിരിച്ചറിവിന്റെ അഭാവം കൊണ്ടാണ്.
ഇന്ന് വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ദർശനമാണ് ഇസ്‌ലാം. ഇസ്‌ലാം ലോകത്തെ ഏറ്റവും വലിയ അപകടമാണെന്ന് തോന്നിപ്പിക്കും വിധമാണ് പ്രചാരണങ്ങൾ നടക്കുന്നത്. എന്നാൽ മനുഷ്യ സമൂഹത്തിൽ നിലനിന്ന എല്ലാ നൻമകളെയും ചേർത്തുനിർത്തിയ ആശയമാണ് ഇസ്‌ലാമെന്ന് അദ്ധേഹം തുടർന്ന് പറഞ്ഞു.
പ്രത്യേകം ക്ഷണിക്കപ്പെട്ട സമൂഹത്തിലെ വ്യത്യസ്‌ത തലങ്ങളിലുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ലൗ ജിഹാദ്, ആത്മഹത്യ, തീവ്രവാദം, ഇസ്‌ലാം വിമർശനം തുടങ്ങിയ വിഷയങ്ങളിൽ സദസ്യരിൽ നിന്നുള്ള ചോദ്യങ്ങൾക്കും അന്വേഷങ്ങൾക്കും ജി.കെ.എടത്തനാട്ടുകര മറുപടി പറഞ്ഞു. മെഹ്ബൂല കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റിൽ നടന്ന സൗഹൃദ സദസിൽ കെ.ഐ.ജി.അബൂഹലീഫ ഏരിയ പ്രസിഡണ്ട് അബ്‌ദുൽ ബാസിത് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വി അലി സ്വാഗതം പറഞ്ഞു. ഫിസാൻ അബ്‌ദുൽ ഖാദർ ഖുർആൻ പാരായണവും സെക്രട്ടറി അംജദ് അഹമ്മദുണ്ണി നന്ദിയും പറഞ്ഞു.