കുവൈത്ത്: സ്വതന്ത്ര ലൈംഗികത സമൂഹത്തിൽ അരാചകത്വം ഉണ്ടാക്കുന്നുവെന്ന് പണ്ഡിതനും എഴുത്തുകാരനുമായ ജി.കെ.എടത്തനാട്ടുകര പറഞ്ഞു. ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ എന്ന തലക്കെട്ടിൽ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി കെ ഐ ജി സിറ്റി ഏരിയ പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്ക് വേണ്ടി സംഘടിപ്പിച്ച സൗഹൃദ സദസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭൗതിക ജീവിത വീക്ഷണം ധാർമികതക്കോ മൂല്യങ്ങൾക്കോ മാനവികതക്കോ ലവലേശം പരിഗണന നൽകുന്നില്ല. അതിനാൽ തന്നെ ഭൗതിക ജീവിത വീക്ഷണം മനുഷ്യനെ നയിക്കുന്നത് ലിബറലിസം എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന തോന്നിവാസത്തിലേക്കാണ്. മനുഷ്യൻ ദൈവത്താൽ ആദരിക്കപ്പെട്ടവനാണെന്ന ജീവിത വീക്ഷണം തിൻമകളിൽ നിന്ന് മുക്തമായി ജീവിതം നയിക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നുവെന്ന് അദ്ധേഹം തുടർന്ന് പറഞ്ഞു.
കെ ഐ ജി കുവൈത്ത് പ്രസിഡണ്ട് പി.ടി.ശരീഫ് സൗഹൃദ സദസ് ഉദ്ഘാടനം നിർവഹിച്ചു. മിർഗാബ് ഒരുമ ഓഫീസിൽ നടന്ന പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ പങ്കെടുത്തു. കെ.ഐ.ജി.കുവൈത്ത് സിറ്റി ഏരിയ പ്രസിഡണ്ട് യൂസുഫ് കണിയാപുരം അദ്ധ്യക്ഷതവഹിച്ചു. ഉമർ ഫാറൂഖ് ഖുർആൻ പാരായണം നടത്തി. ഏരിയാ സെക്രട്ടറി എഫ് എം ഫൈസൽ സ്വാഗതം ആശംസിച്ചു. കൺവീനർ ഷാജി ആലുവ നന്ദി പറഞ്ഞു.