കുവൈത്ത് : ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും കേൾക്കാനും അറിയാനും അവസരമൊരുക്കി കെ.ഐ.ജി.കുവൈത്ത് ഒരു മാസക്കാലമായി ആശയ സംവാദത്തിന്റെ സഹൃദ നാളുകൾ എന്ന ശീർഷകത്തിൽ നടത്തിവന്നിരുന്ന കാമ്പയിനിന് കുവൈത്ത് സിറ്റിയിലെ മസ്‌ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തോടെ ഉജ്ജ്വല സമാപനം. സെപ്റ്റംബർ 15 ന് തുടങ്ങിയ കാമ്പയിനിന്റെ ഭാഗമായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂണിറ്റ് സമ്മേളനങ്ങൾ, സൗഹൃദ സദസുകൾ, ഫ്രണ്ട്സ് സർക്കിൾ സംഗമങ്ങൾ, ജന സമ്പർക്കം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നതിന്റെ സമാപനമായാണ് പൊതുസമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. പൊതുസമ്മേളനത്തിൽ വനിതകളടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരത്തിൽ പരം പേർ പങ്കെടുത്തു.
ജമാഅത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി വി.ടി. അബ്ദുള്ളക്കോയ തങ്ങൾ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. തുടർന്ന് പണ്ഡിതനും പ്രഭാഷകനുമായ ഉസ്‌താദ് ഉസ്‌താദ് അലിയാർ ഖാസിമിയും കെ.ഐ.ജി. വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂരും പ്രഭാഷങ്ങൾ നടത്തി.
സമ്മേളനത്തിന്റെ തുടക്കത്തിൽ മസ്‌ജിദുൽ കബീർ ജനറൽ മാനേജർ സയ്യിദ് അലി അബ്‌ദുള്ള ശദ്ദാദ് അൽ മുതൈരി, ഐ പി സി ബിതക് ലീഫ് മുദീർ സയ്യിദ് അമ്മാർ അലി അൽ ഖന്ദരി, സൽസബീൽ അൽ ഖൈരിയ ജനറൽ മാനേജർ ഷെയ്ഖ് മുഹമ്മദ് അഹ്‌മദ് അൽ ഫാരിസി എന്നിവർ പ്രസംഗിച്ചു. വിവിധ അറബ് വേദികളുടെ സാരഥികളെ പ്രത്യേകം തയ്യാറാക്കിയ ഫലകം നൽകി ആദരിച്ചു. ആദരിക്കൽ ചടങ്ങിന് പി ആർ കൺവീനർ അബ്‌ദു റസാഖ് നദ്‍വി നേതൃത്വം നൽകി. റമദാനിൽ ഖുർആൻ സ്റ്റഡി സെന്റർ നടത്തിയ ഖുർആൻ പാരായണം, ക്വിസ് തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു. സമ്മാനങ്ങൾ വി ടി അബ്ദുള്ളക്കോയ തങ്ങൾ, അലിയാർ ഖാസിമി, പി.ടി.ശരീഫ്, ഫൈസൽ മഞ്ചേരി ഫിറോസ് ഹമീദ്, എൻ പി അബ്‌ദുൽ റസാഖ് എന്നിവർ വിതരണം നടത്തി. വിതരണത്തിന് നിയാസ് ഇസ്‌ലാഹി നേതൃത്വം നൽകി.
മസ്‌ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി. പ്രസിഡണ്ട് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. അദ്‌നാൻ സഊദ് ഖുർആൻ പാരായണം നടത്തി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും പ്രോഗ്രാം കൺവീനർ സിറാജ് സ്രാമ്പിക്കൽ നന്ദിയും പറഞ്ഞു.
പ്രബുദ്ധരെന്ന് നടിക്കുന്നവർ ആശയങ്ങളെ പേടിക്കുന്നു: വി. ടി. അബ്ദുള്ളക്കോയ
പ്രബുദ്ധരാണ് എന്ന് മേനി നടിക്കുന്നവർ പോലും ആശയങ്ങൾ പറയുന്നതും പങ്കുവെക്കുന്നതും അപകടം സൃഷ്‌ടിക്കുമെന്നും സംഘർഷത്തിനിടയാക്കുമെന്നും നിരന്തരം പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നുവെന്ന് വി ടി അബ്‌ദുല്ലക്കോയ തങ്ങൾ പറഞ്ഞു. ആശയ പാപ്പരത്തം അനുഭവിക്കുന്ന കേന്ദ്രങ്ങളാണ് ആശയ സംവാദത്തെ പോലും ആശങ്കയോടെ കാണുന്നത്. സൗഹൃദമായ അന്തരീക്ഷത്തിൽ സംവാദം സാധ്യമാണ് എന്ന് ആവർത്തിച്ചാവർത്തിച്ച് പറയേണ്ടിവരുന്ന കാലഘട്ടമായതുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനം ആശയ സംവാദവും സൗഹൃദവും കോർത്തിണക്കി തലവാചകം രൂപപ്പെടുത്തി ഇസ്‌ലാമിക പ്രസ്ഥാനം നാട്ടിലും കുവൈത്തിലും കാമ്പയിനുകൾ നടത്തുന്നത്. ജഗനിയന്താവായ അല്ലാഹുവിനോടൊപ്പം ചേർന്നുനിൽക്കാനും മനുഷ്യരോടൊപ്പം നിലകൊള്ളുവാനുമുളള ശേഷി ആർജ്ജിച്ചെടുക്കുകയാണ് ഫാസിസത്തോടുള്ള സമീപന രീതിയെന്ന് അദ്ധേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.ആശയ പരിസരമുണ്ടെങ്കിലും ഇസ്‌ലാമിനെതിരിൽ മാന്യമായ നിരൂപണമല്ല ലിബറലുകളും യുക്തിവാദികളും നടത്തുന്നത്. അവരുടേത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രവാചകനെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള ഇസ്‌ലാം വിരുദ്ധതയുടെ മൂടുപടമാണ്.
ആദർശം പറയാതെയും മുന്നോട്ടുപോകാൻ കഴിയില്ല: അലിയാർ ഖാസിമി
ഭൗതിക ജീവിതത്തിനപ്പുറം മനുഷ്യ ജീവിതത്തിന് അർത്ഥ തലങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന വിഭാഗത്തിന് സാധ്യമാകുന്ന അനുഗ്രഹീതവും അസുലഭവുമായ സ്ഥിതിവിശേഷമാണ് ആശയ സംവാദമെന്ന് ഉസ്‌താദ് അലിയാർ ഖാസിമി പറഞ്ഞു. ആദർശം പറയാതെയും അസ്‌തിത്വം വെളിപ്പെടുത്താതെയും വിശ്വാസി സമൂഹത്തിന് മുന്നോട്ടുപോകാൻ കഴിയില്ല. ആദർശ പ്രബോധന രംഗത്ത് നിലയുറപ്പിച്ച പ്രവാചകൻമാരെ പോലും സ്വന്തം ജനത ഇരു കൈകളും നീട്ടി സ്വീകരിച്ചിട്ടില്ല എന്നതാണ് ഇസ്‌ലാമിക ചരിത്രം. ജെണ്ടർ ന്യൂട്രാലിറ്റിയുടെ പേരിൽ നടക്കുന്നത് മനുഷ്യ ജീവിതത്തെ മൂല്യ നിരാസത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കാനുള്ള ഗൂഢ പദ്ധതികളാണ്. അദ്ധേഹം തുടർന്ന് പറഞ്ഞു.