കുവൈത്ത് സിറ്റി: പരിസര ശുദ്ധീകരണ കാമ്പയിനിന്റെ ഭാഗമായി കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കുവൈത്ത് സുലൈബികാത്തിൽ ബീച്ച് ക്ളീനിംഗ് നടത്തി. കുവൈത്ത് ഡൈവ് ടീം, ജംഇയ്യത്തുൽ ഇസ്ലാഹ്, ഐ പി സി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സുലൈബിക്കാത്ത് കടൽ തീരം വൃത്തിയാക്കിയത്. രാവിലെ 8 മണിക്ക് തുടങ്ങിയ ക്ളീനിംഗ് രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. കെ.ഐ.ജി. പ്രവർത്തകരും അനുഭാവികളും, ശ്രീലങ്ക, ഫിലിപ്പൈൻസ്, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും കേരളേതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായ വനിതകളടക്കം മുന്നോറോളം പേർ ക്ളീനിംഗിൽ പങ്കാളികളായി. 10 ടൺ മാലിന്യങ്ങളാണ് വൃത്തിയാക്കലിന്റെ ഭാഗമായി ശേഖരിച്ചത്.
ബീച്ച് ക്ളീനിംഗ് പ്രോഗ്രാമിന് കുവൈത്ത് ഡൈവ് ടീം പ്രതിനിധി നിർദ്ദേശങ്ങൾ നൽകി. കെ ഐ ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്നു. കെ.ഐ.ജി. കുവൈത്ത് പ്രസിഡണ്ട് പി ടി ശരീഫ്, ട്രഷറർ എൻ പി അബ്‌ദുറസാഖ് എന്നിവർ പങ്കെടുത്തു.
പബ്ളിക് റിലേഷൻ കൺവീനർ അബ്‌ദുറസാഖ് നദ്‌വി, മുഹമ്മദ് നൈസാം എന്നിവർ നേതൃത്വം നൽകി.