കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി ക്ഷേമ പദ്ധതിയായ ഒരുമയുടെ 2023 ലേക്കുള്ള അംഗത്വ ക്യാമ്പയിന് തുടക്കമായി. രണ്ട് മേഖലകളിൽ നടന്ന കിക്കോഫ് മീറ്റിംഗുകളിൽ കെ ഐ ജി വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവൂർ, ആക്‌ടിംഗ് ജനറൽ സെക്രട്ടറി എം കെ നജീബ് എന്നിവർ കാമ്പയിൻ ഉത്ഘാടനം നിർവഹിച്ചു. പദ്ധതി വിശദാംശങ്ങൾ ഒരുമ ചെയർമാൻ സി പി നൈസാം വിശദീകരിച്ചു.
2011 ൽ തുടങ്ങിയ ഒരുമ പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. രണ്ടര ദിനാർ നൽകി ഏതൊരു മലയാളിക്കും പദ്ധതിയിൽ അംഗത്വമെടുക്കാവുന്നതാണ്. അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ട് ലക്ഷം രൂപയാണ് ഒരുമ ധന സഹായം നൽകുന്നത്.
തുടർച്ചയായി അഞ്ചു വർഷം അംഗമായി തുടരുന്ന മെമ്പർ ആണെങ്കിൽ മൂന്ന് ലക്ഷം രൂപയും പദ്ധതി ആരംഭിച്ച 2012 മുതൽ അംഗമാണെങ്കിൽ നാല് ലക്ഷം രൂപയുമാണ് ലഭിക്കുക.കൂടാതെ ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), ഹൃദയ സംബന്ധമായ ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), അർബുദം, ഡയാലിസിസ് തുടങ്ങിയ രോഗങ്ങൾ പിടിപെടുന്ന അംഗങ്ങൾക്ക് പരമാവധി 25000 രൂപ വരെ ചികിത്സാ സഹായവും ഒരുമ നൽകുന്നുണ്ട്.
ഡിസംബർ 9ന് തുടങ്ങിയ കാമ്പയിൻ രണ്ട് മാസം നീണ്ടുനിൽക്കും. കാമ്പയിൻ കാലയളവിൽ മാത്രമാണ് ഒരുമയിൽ അംഗത്വം എടുക്കാനും പുതുക്കുവാനും സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കും അംഗത്വം എടുക്കാനും അബ്ബാസിയ 600222820, ഫർവാനിയ 66478880, ഫഹാഹീൽ 65088148, അബു ഹലീഫ 98760453 സാൽമിയ 97998785,സിറ്റി 94473617, റിഗ്ഗായ് 97322896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ www.orumakuwait.com എന്ന വെബ് സൈറ്റ് സന്ദർശിച്ച് ഓൺലൈൻ വഴി അംഗത്വം എടുക്കാനും പുതുക്കാനും സാധിക്കും.
കിക്കോഫ് മീറ്റിംഗിൽ കെ.ഐ.ജി., യൂത്ത് ഇന്ത്യ, ഐവ യൂണിറ്റുകളിൽ നിന്നുള്ള കോർഡിനേറ്റർമാർ പങ്കെടുത്തു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിലും ഫഹാഹീൽ യൂണിറ്റി സെൻ്ററിലുമായി നടന്ന പരിപാടിയിൽ സി പി നൈസാം അധ്യക്ഷത വഹിച്ചു. യൂസുഫ് ദാറുസ്സലാം, ഷുക്കൂർ വണ്ടൂർ എന്നിവർ ഖുർആൻ പാരായണം നടത്തി. കെ.ഐ.ജി. സെക്രട്ടറി പി ടി ശാഫി സമാപന പ്രസംഗം നടത്തി.