കുവൈത്ത് സിറ്റി: പരസ്പരം അറിയുകയാണ് അകലം കുറക്കാനുള്ള വഴി. ഉള്ളറിഞ് അടുത്ത് നിൽക്കുന്നവർക്കിടയിൽ വെറുപ്പിന്റെ വ്യാപാരികൾക്ക് ഇടം ലഭിക്കില്ല. ഓരോ മതങ്ങളുടെയും വിശ്വാസ ആചാര കാര്യങ്ങളെ കുറിച്ചുള്ള സാമാന്യമായ അറിവിലൂടെ സൗഹൃദം വളർത്തിയെടുക്കാൻ സാധിക്കുമെന്നും പ്രമുഖ പ്രാസംഗികനും സാമൂഹികപ്രവർത്തകനുമായ അൻവർ സയീദ് പറഞ്ഞു.
ദൈവത്തിന്റെ പ്രതിനിധിയായി മറ്റുള്ളവർക്ക് മുന്നിൽ ജീവിക്കാൻ ഒരു വിശ്വാസിയെ പരിശീലിപ്പിക്കുന്ന കർമ്മ പരിപാടിയാണ് നോമ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗഹൃദവേദി ഫർവാനിയ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ റമദാൻ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സൗഹൃദവേദി പ്രസിഡന്റ് സജീവ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം കൺവീനർ അഷ്‌റഫ്. യു സ്വാഗതവും കെ.ഐ.ജി ഏരിയ വൈസ് പ്രസിഡന്റ് ഷാനവാസ് തോപ്പിൽ നന്ദിയും പറഞ്ഞു. സുൽഫ മറിയം ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇഫ്താറോടുകൂടിയാണ് സമാപിച്ചത്.