കേരള ഇസ്‌ലാമിക് ഗ്രൂപ്പിന് കീഴിൽ കുവൈത്തിലെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിൽ പെരുന്നാൾ നമസ്കാരം നടന്നു. മംഗഫ് ഫഹദ് സാലിം മസ്ജിദിൽ നിയാസ് ഇസ്ലാഹിയും മഹബൂല സഹ്‌മി ഫഹദ് ഹാജിരി മസ്ജിദിൽ ഫൈസൽ മഞ്ചേരിയും അർദിയ ഷൈമ അൽ ജബർ മസ്ജിദിൽ സക്കീർ ഹുസൈൻ തുവ്വൂരും റിഗ്ഗഇ സഹ്‌വ് ഹംദാൻ അൽ മുതൈരി മസ്ജിദിൽ അനീസ് ഫാറൂഖിയും സാൽമിയ മസ്ജിദ് ആയിഷയിൽ അൻവർ സഈദും നമസ്കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നൽകി.
പ്രഭാഷണത്തിൽ വ്രതശുദ്ധി കാത്തുസൂക്ഷിച്ച് ഉത്തമ ജീവിതം നയിക്കാൻ ഇമാമുമാർ വിശ്വാസികളെ ഉണർത്തി. വിവിധ പള്ളികളിൽ മലയാളികളായ നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും കുട്ടികളും പ്രാർത്ഥനകളിൽ പങ്കെടുത്തു. പെരുന്നാളിന്റെ സ്നേഹവും സൗഹൃദവും പ്രകടമാക്കി പരസ്പരം ആലിംഗനം ചെയ്തു കൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുത്തവർ വീടുകളിലേക്ക് തിരിച്ചുപോയത്. സന്തോഷത്തിന്റെ ഭാഗമായി വിവിധ പള്ളികളിൽ മധുരപലഹാര വിതരണവും നടന്നു