കുവൈത്ത് സിറ്റി: മണിപ്പൂരിൽ നടക്കുന്നത് ഭരണകൂടങ്ങളുടെ ഒത്താശയോടെയുള്ള വംശീയമായ ഭീകര കൃത്യങ്ങളാണെന്ന് കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് കേന്ദ്ര കമ്മിറ്റി പുറത്തിയ പ്രസ്‌താവന അഭിപ്രായപ്പെട്ടു. ഗോത്ര വർഗക്കാരും ക്രൈസ്‌തവ വിശ്വാസികളുമായ ജനങ്ങൾക്ക് നേരെ സംഘ്‌പരിവാർ അനുകൂലികൾ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ രാജ്യത്ത് ക്ഷേമവും സമാധാനവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി അപലപിക്കേണ്ടതാണ്. ഇതിനകം അമ്പതോളം ആളുകൾ കൊല്ലപ്പെടുകയും നാൽപ്പതോളം ചർച്ചുകൾ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിരിക്കുന്നു. പതിനായിരക്കണക്കിന് ആളുകൾക്ക് സ്വന്തം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടിവന്നിരിക്കുന്നു. ഭീതിജനകമായ അന്തരീക്ഷം സംസ്ഥാനത്ത് നിലനിക്കുമ്പോൾ ഗോത്രവർഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നതെന്ന സംഘ് പരിവാർ ആഖ്യാനങ്ങൾ ഭീകര കൃത്യങ്ങളെ ലഘൂകരിക്കലും സത്യത്തെ മറച്ചുവെക്കലും കുറ്റവാളികളെ മഹത്വവത്കരിക്കലുമാണ്.
മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ഭീകരമായ അന്തരീക്ഷം അവസാനിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി നടപടികൾ സ്വീകരിക്കണം. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. നിയമവാഴ്‌ച ഉറപ്പുവരുത്തി കുറ്റവാളികൾക്കെതിരിൽ കർശനമായ നടപടികളെടുക്കാൻ നിയമപാലകരും നീതിന്യായ സംവിധാനവും ഉണർന്നുപ്രവർത്തിക്കണമെന്ന് പ്രസ്‌താവന ആവശ്യപ്പെട്ടു.