ഫഹാഹീൽ: കുവൈത്തിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എം.പി.തങ്ങൾ (ഹുസൈൻ സഖാഫ്) ക്ക് കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് ഫഹാഹീൽ അബൂഹലീഫ ഏരിയകൾ സംയുകതമായി യാത്രയയപ്പ് നൽകി. ഫൈസൽ മഞ്ചേരി, നിയാസ് ഇസ്‌ലാഹി, കെ. അബ്‌ദുറഹ്‌മാൻ, എം കെ. നജീബ്, റഫീഖ് ബാബു, പി സമീർ മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കെ.ഐ.ജി.ക്കും അതിന്റെ യുവജന വിഭാഗങ്ങൾക്കും വിശേഷിച്ച് പ്രവാസി സംഘടനകൾക്കും അദ്ദേഹം നൽകിയ സംഭാവനകൾ എല്ലാവരും അനുസ്‌മരിച്ചു. ആദരവിനും യാത്രയയപ്പിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് എം പി തങ്ങൾ പ്രസംഗിച്ചു. കെ.ഐ.ജി. വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി എം പി തങ്ങൾക്കുള്ള ഉപഹാരം നൽകി.
നീണ്ട 46 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് പൊന്നാനി സ്വദേശിയായ എം പി തങ്ങൾ നാട്ടിലേക്ക് പോകുന്നത്. മലയാളി സംഘടനകൾ അണിയിച്ചൊരുക്കിയ നിരവധി നാടകങ്ങളിലും സംഗീത ശിൽപങ്ങളിലും വേഷമണിഞ്ഞ അദ്ധേഹം മികച്ച അഭിനേതാവും സംവിധായകനുമാണ്. 80 കളുടെ തുടക്കത്തിൽ മലയാളി സംഘടനകൾ കലാ സാംസ്‌കാരിക പരിപാടികളുടെ രംഗ സജ്ജീകരണങ്ങൾക്കും ബാനറുകൾക്കും പ്രധാനമായും ആശ്രയിച്ചിരുന്നത് ഇദ്ധേഹത്തെയാണ്. കെ. പി. മോഹനന്റെ നേതൃത്വത്തിൽ കുവൈത്ത് ടൈംസ് മലയാളം പതിപ്പ് തുടങ്ങുമ്പോൾ അതിലേക്കുള്ള മാറ്ററുകൾ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നവരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം.
ഫഹാഹീൽ യൂണിറ്റി സെന്ററിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ കെ.ഐ.ജി. അബൂഹലീഫ ഏരിയ പ്രസിഡണ്ട് അബ്‌ദുൽ ബാസിത് അദ്ധ്യക്ഷത വഹിച്ചു. ഫഹാഹീൽ ഏരിയ പ്രസിഡണ്ട് സാബിഖ് യൂസുഫ് സ്വാഗതം പറഞ്ഞു. കെ.എ.അബ്‌ദുൽ ജലീൽ ഖുർആൻ പാരായണം നടത്തി.