കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് സിറ്റി ഏരിയ സൗഹൃദ വേദി മീറ്റ് സംഘടിപ്പിച്ചു.
നമ്മുടെ സൗഹൃദങ്ങൾ എന്ന തലക്കെട്ടിൽ കെ ഐ ജി കേന്ദ്ര പ്രസിഡൻറ് പി ടി ശരീഫ് സൗഹൃദ പ്രഭാഷണം നടത്തി. വ്യത്യസ്ത മത വിശ്വാസവും, രാഷ്ട്രീയ വീക്ഷണവും, പ്രത്യയശാസ്ത്ര വൈവിധ്യങ്ങളും ഉണ്ടായിരിക്കെ തന്നെ മാനവികതയുടെ തലത്തിൽ നിന്ന് കൊണ്ടുള്ള സൗഹൃദങ്ങളും കൂടിച്ചേരലുകളും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് ഹൃദയങ്ങളെ നൈർമല്യമുള്ളതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹരി സാമൂഹിക വിപത്ത് എന്ന വിഷയത്തിൽ സൗഹൃദ വേദി സാൽമിയ ഏരിയ പ്രസിഡൻറ് ജോർജ് പയസ് സംസാരിച്ചു. എല്ലാ തരം ലഹരിയും സ്വന്തത്തിനെന്ന പോലെ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ വിനാശകരമാണെന്നും ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ഒറ്റയ്ക്കും കൂട്ടായും പങ്കാളികളാവണമെന്നും അദ്ധേഹം പറഞ്ഞു.
മിർഗാബ് ഒരുമ ഹാളിൽ നടന്ന മീറ്റിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിലുളളവർ പങ്കെടുത്തു. കെ.ഐ.ജി. കുവൈത്ത് സിറ്റി ഏരിയ പ്രസിഡൻറ് യൂസുഫ് കണിയാപുരം അദ്ധ്യക്ഷതവഹിച്ചു. മുനീർ പ്രാർത്ഥന ഗാനം ആലപിച്ചു. വിനോദ് കുമാർ കണ്ണൂർ കവിത ആലപിച്ചു. സിറ്റി ഏരിയ സെക്രട്ടറി ഫൈസൽ നന്ദി പറഞ്ഞു.