കുവൈത്ത് സിറ്റി: ജീവിതത്തിന്റെ ഒരു ഘട്ടത്തിലും വിജ്ഞാന സമ്പാദനം നിലച്ചുപോകരുതെന്നും അതിന് തുടർച്ചകൾ ഉണ്ടാകണമെന്നും മംഗഫ് ഇന്ത്യ ഇന്റർനാഷണൽ സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ ഡോക്‌ടർ സലിം കുണ്ടുങ്ങൽ പറഞ്ഞു. പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി അൽ മദ്റസത്തുൽ ഇസ്‌ലാമിയ ഫഹാഹീൽ ബ്രാഞ്ചിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് വ്യക്തിക്കും സമൂഹത്തിനും ഒരുപോലെ ഉപകാരപ്പെടണം. അറിവിന്റെ മഹത്വത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം ഉപകാരപ്രദമായ അറിവ് നേടിയെടുക്കാൻ കുട്ടികളെ ആഹ്വാനം ചെയ്‌തു. കെ.ഐ.ജി.വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി ആശംസ പ്രസംഗം നടത്തി.
ദാറുൽ ഖുർആനിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ കെ. അബ്‌ദു റഹ്‌മാൻ അധ്യക്ഷത വഹിച്ചു. മറിയം നൗസിൻ ഖുർആൻ പാരായണം നടത്തി. കെ.ഐ.ജി.ഫഹാഹീൽ ഏരിയ പ്രസിഡണ്ട് സാബിഖ് യൂസുഫ്, അബൂഹലീഫ ഏരിയ സെക്രട്ടറി അംജദ്, കൺവീനർമാരായ ഉസാമ അബ്‌ദുൾ റസാഖ്, നിഹാദ് നാസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രിൻസിപ്പാൾ എം കെ. നജീബ് നന്ദി പറഞ്ഞു.