കുവൈത്ത് സിറ്റി: വിശുദ്ധ ഖുർആനിലെ അൽ ഖിയാമ അധ്യായത്തെ അടിസ്ഥാനമാക്കി ഖുർആൻ സ്റ്റഡി സെന്റർ കുവൈത്ത് നടത്തിയ ഹൃസ്വ കാല വെക്കേഷൻ കോഴ്‌സിന്റെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ സമയമെടുത്ത് മുഴുവൻ ഉത്തരവും നൽകി പരീക്ഷ എഴുതി തീർത്ത് 25 മാർക്കും നേടി സമീറ അബ്‌ദുൽ അസീസ് (മെഹ്ബൂല) ഒന്നാം റാങ്കും സൽമ മുഹമ്മദ് (മംഗഫ്) രണ്ടാം റാങ്കും കെ.പി. ജഫ്‌സീർ (ഫർവാനിയ) മൂന്നാം റാങ്കും കരസ്ഥമാക്കി. ഫാത്തിമ (അബ്ബാസിയ), അസ്‌മിന (ഫർവാനിയ), അഫ്‌താബ് (ഫർവാനിയ) എന്നിവരാണ് മുഴുവൻ മാർക്കും നേടിയ മറ്റു റാങ്ക് ജേതാക്കൾ. കെ.ഐ.ജി. ഫേസ് ബുക്ക് പേജിൽ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തയിട്ടുണ്ട്.
അൽ ഖിയാമ അധ്യായത്തിലെ 1 മുതൽ 40 വരെയുള്ള വാക്യങ്ങൾ ഉള്ളടക്കമാക്കി നടന്ന പരീക്ഷയുടെ വിജയികളെയാണ് പ്രഖ്യാപിച്ചത്. ഓപൺ ബുക്ക് രൂപത്തിൽ ഓൺലൈനിൽ നടന്ന പരീക്ഷയിൽ 260 പേർ പങ്കെടുത്തു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന 22 സെന്ററുകളിൽ ഓൺലൈനിലും ഓഫ്‌ലൈനിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യുന്നതാണ്.
സെപ്റ്റംബർ ആദ്യവാരത്തിൽ അന്നിസാഅ അധ്യായത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ കോഴ്‌സ് ആരംഭിക്കുമെന്ന് ഖുർആൻ സ്റ്റഡി സെന്റർ കൺവീനർ നിയാസ് ഇസ്‌ലാഹി അറിയിച്ചു. ക്ളാസുകളുടെ വിവരങ്ങൾ അറിയുന്നതിനും പങ്കെടുക്കുന്നതിനും +965 65051113 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.