കുവൈത്ത് സിറ്റി: ദൈവത്തിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് പുണ്യ ഗേഹങ്ങളിക്ക് നടത്തുന്ന തീർത്ഥാടനങ്ങൾ വിശ്വാസികളെ പുതിയ മനുഷ്യനായി മാറ്റിയെടുക്കുകയാണെന്ന് കെ.ഐ.ജി. വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി പറഞ്ഞു. കേരള ഇസ്‌ലാമിക് ഗ്രൂപ് സംഘടിപ്പിച്ച ഹജ്ജ് ഉംറ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഹജ്ജും ഉംറയും മനുഷ്യൻ ദൈവത്തോട് ചെയ്‌തുതീർക്കേണ്ട പ്രധാനപ്പെട്ട ബാധ്യതയായി പരിചയപ്പെടുത്തുന്ന വേദഗ്രന്ഥം പ്രസ്‌തുത ബാധ്യതാ നിർവഹണത്തിൽ സംഭവിക്കുന്ന വീഴ്‌ചയെ നന്ദികേടായാണ് വിലയിരുത്തുന്നത്. ദൈവ ഗേഹങ്ങളിലേക്ക് ഒറ്റക്കും സംഘടിതമായും പോയി ഹജ്ജും ഉംറയും നിർവഹിച്ച് നേടിയെടുക്കുന്ന ഉന്നതമായ സാഹോദര്യ ബോധവും ഐക്യവും മാനവ കുലത്തിന് ക്ഷേമ ഐശ്വര്യ സമ്പന്നമായ സാമൂഹ്യ ക്രമം കെട്ടിപ്പടുക്കാൻ ഉപയോഗിക്കണം. അദ്ദേഹം തുടർന്ന് പറഞ്ഞു.
കെ.ഐ.ജി.കുവൈത്ത് പ്രസിഡണ്ട് പി.ടി. ശരീഫ് സംഗമം ഉദ്ഘാടനം ചെയ്‌തു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഡോക്‌ടർ അമീർ അഹ്‌മദ് സംസാരിച്ചു. വിവിധ സമയങ്ങളിൽ ഹജ്ജ് ഉംറ സംഘങ്ങൾക്ക് നേതൃത്വം നൽകിയ അബ്‌ദുറസാഖ് നദ്‍വി, അനീസ് ഫാറൂഖി, കെ.എം.അൻസാർ,കെ.വി.മുഹമ്മദ് ഫൈസൽ, പി.പി.അബ്‌ദുൽ റസാഖ്, നിയാസ് ഇസ്‌ലാഹി, അൻവർ സഈദ്, ഖലീൽ റഹ്മാൻ, ഹബീബ് ഉസ്താദ്,
മുഹമ്മദ് ഷിബിലി, പി.ടി.ശാഫി, കെ.അബ്‌ദുറഹ്‌മാൻ, അനീസ് അബ്‌ദുൽ സലാം, അബ്‌ദു സത്താർ, കെ.എ.അബ്‌ദുൽ ജലീൽ, വി.എസ്.നജീബ്, എസ്.എം.ബഷീർ, പി.സമീർ മുഹമ്മദ്, ഹമീദ് കോക്കൂർ എന്നിവരെ ആദരിച്ചു. നിയാസ് ഇസ്‌ലാഹി, കെ. അബ്‌ദുറഹ്‌മാൻ, മനാഫ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.
മസ്‌ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ കെ.ഐ.ജി. വൈസ് പ്രസിഡണ്ട് ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. അദ്‌നാൻ സഊദ് ഖുർആൻ പാരായണം നടത്തി. പ്രോഗ്രാം കൺവീനർ അഡ്വക്കേറ്റ് സിറാജ് സ്രാമ്പിക്കൽ നന്ദി പറഞ്ഞു.