കുവൈത്ത്: “വെളിച്ചമാണ് തിരുദൂതർ” എന്ന വിഷയത്തിൽ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) ഫർവാനിയ ഏരിയ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മനുഷ്യ സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സംസ്ഥാപകനും നിർമ്മാതാവുമായ വിപ്ലവകാരിയാണ് മഹാനായ പ്രവാചകൻ മുഹമ്മദ് നബി എന്ന് അദ്ദേഹം പറഞ്ഞു.
കുറത്തിരുണ്ട നീഗ്രോ അടിമയായിരുന്ന ബിലാലിനൊപ്പം ഭക്ഷണം കഴിച്ചും രാജ്യ തലസ്ഥാനത്ത് ആദ്യമായുണ്ടാക്കിയ പള്ളിയിൽ ബാങ്ക് വിളിക്കാൻ മുകളിലേക്ക് കയറാൻ തന്റെ സ്വന്തം ചുമലിലൂടെ കയറ്റി സമൂഹത്തിൽ സ്ഥാനം നൽകിയും വർഗ്ഗ വർണ്ണ വൈജാത്യങ്ങളെ തൂത്തെറിഞ്ഞു കൊണ്ട് വിശ്വ സാഹോദര്യത്തിന്റെ വിപ്ലവം സൃഷ്ടിച്ച മഹാനുഭാവനാണ് മുഹമ്മദ് നബിയെന്നും മനുഷ്യർക്ക് കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് നൽകിയ പ്രവാചകൻ കരുണ വറ്റിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് കൂടുതൽ വായിക്കപ്പെടണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
കെ.ഐ.ജി കുവൈത്ത് പ്രസിഡന്റ് പി.ടി മുഹമ്മദ് ശരീഫ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ സമാപനവും പ്രാർത്ഥനയും നടത്തി. കെ.ഐ. ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി, യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹ്‌നാസ് മുസ്തഫ, ഐവ കുവൈത്ത് പ്രസിഡന്റ് മഹ്ബൂബ അനീസ്, ഫർവാനിയ ഏരിയ ഭാരവാഹികളായ ഷാനവാസ് തോപ്പിൽ, പി.എ. അൽത്താഫ്, ഷംല ഹഫീസ്, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ക്വാളിറ്റി ഫുഡ്സ് മാനേജിങ് ഡയറക്ടർ മുസ്തഫ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഡി.ജി.എം അബ്ദുൾ അസീസ്, സിറ്റി ക്ലിനിക് ഖൈത്താൻ മാനേജർ നിധിൻ എന്നിവർ സന്നിഹിതരായിരുന്നു.
കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡന്റ് നജീബ് സി.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫർവാനിയ ഏരിയ സെക്രട്ടറി എസ്.കെ.പി മുഹമ്മദ് റഫീഖ് സ്വാഗതവും അനീസ് അബ്ദുസ്സലാം ഖിറാഅത്തും നടത്തി. പ്രോഗ്രാം കൺവീനർമാരായ അബ്ദുൾ വാഹിദ്, ഹഫീസ് മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.