കുവൈത്ത് സിറ്റി: വിശുദ്ധ ഖുർആനിന്റെ സാരാംശങ്ങളും അധ്യാപനങ്ങളും ഹൃദയത്തിൽ ഏറ്റുവാങ്ങുവാൻ തയാറാകുമ്പോഴാണ് ഖുർആൻ വിളക്കും വെളിച്ചവുമാകുന്നതെന്ന് ഉസ്‌താദ് ബഷീർ മുഹ്‌യുദ്ധീൻ പറഞ്ഞു. ഗോൾഡൻ ജൂബിലിയുടെ ഭാഗമായി കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് സംഘടിപ്പിച്ച ഖുർആൻ സമ്മേളനത്തിൽ ഖുർആൻ വിളക്കും വെളിച്ചവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖുർആൻ ഇറങ്ങിയതും അവതരിപ്പിക്കപ്പെട്ടതും മനുഷ്യ ഹൃദയങ്ങളിലേക്കാണ്. ഖുർആനിനെക്കുറിച്ചുള്ള മനോഘടനയിൽ മാറ്റം വരുത്താതെ ഖുർആൻ അനുഭവിക്കാൻ കഴിയില്ല. ഖുർആൻ കാതിലും നാവിലും ഒതുങ്ങിനിൽക്കാതെ മനുഷ്യ ഹൃദയങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലണം. ഖുർആൻ അധ്യാപനങ്ങൾ ജീവിതത്തിന് വഴികാണിക്കുന്ന തലത്തിലേക്ക് ഉയർന്നുവരുമ്പോൾ മാത്രമാണ് ഖുർആൻ പഠനം സമ്പൂർണമാകുന്നത്. ജംഇയ്യത്തുൽ വറത്തിൽ അന്നജാത്തുൽ ഖൈരിയ്യ മാനേജർ ശൈഖ് മുസ്‌തഫ അറഫ പ്രഭാഷണം നടത്തി.
സമ്മേളനത്തിന്റെ ഭാഗമായി പ്രത്യേകം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സെഷനിൽ ചോരയിൽ കുതിർന്ന ഫലസ്‌തീൻ എന്ന വിഷയത്തിൽ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി പ്രഭാഷണം നടത്തി. വിശ്വാസത്തിന്റെ കരുത്തിൽ വിമോചനത്തിന്റെ വീറുറ്റ ഗാഥകൾ രചിക്കുന്ന വളർന്നുവരുന്ന ധീരൻമാരായ ബാലിക ബാലൻമാരാണ് ഇസ്രയേലിന്റെ പേടിസ്വപ്നം. നൊമ്പരമുണർത്തുന്ന ഹൃദയ ഭേദകമായ രംഗങ്ങളാണ് ഗസയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഖുദ്‌സിന്റെ മോചനത്തിന് വേണ്ടി പ്രതിരോധം തീർത്ത് ഹമാസ് നടത്തുന്ന പോരാട്ടം നിരപരാധികളുടെ ചോര ചിന്തി അന്യായത്തിലൂടെയും അതിക്രമത്തിലൂടെയും കെട്ടിപ്പൊക്കിയ ഇസ്രയേലിന്റെ അന്ത്യം അധികം വൈകാതെ സംഭവിക്കുമെന്ന് ചരിത്ര വസ്‌തുതകളുടെ പിൻബലത്തിൽ അദ്ദേഹം പറഞ്ഞു. ഫലസ്‌തീൻ ഓർഗനൈസേഷൻ പ്രസിഡണ്ട് ത്വാലിബ് മുസല്ലം ഫലസ്തീനിനെക്കുറിച്ചും അവിടത്തെ സമകാലിക സംഭവങ്ങളെക്കുറിച്ചും പ്രസംഗിച്ചു. ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാവരും ഫലസ്‌തീൻ ഷാളുകൾ അണിഞ്ഞുകൊണ്ടാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഫലസ്‌തീൻ കവിത എം കെ ഗഫൂർ ആലപിച്ചു.
മസ്‌ജിദുൽ കബീർ റോയൽ ടെന്റ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി.പ്രസിഡണ്ട് പി ടി ശരീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ, ട്രഷറർ എൻ പി അബ്‌ദുൾ റസാഖ്, അൻവർ സഈദ്, ഡോക്‌ടർ അമീർ അഹ്‌മദ്, ഐവ പ്രസിഡണ്ട് മെഹ്ബൂബ അനീസ്, ജനറൽ സെക്രട്ടറി ദൗലത്ത് ഇഖ്ബാൽ, യൂത്ത് ഇന്ത്യ പ്രസിഡണ്ട് മെഹ്‌നാസ് മുസ്‌തഫ, ജനറൽ സെക്രട്ടറി സിജിൽ ഖാൻ എന്നിവരും വിവിധ ഘടനാ നേതാക്കളും പൗര പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. അനീസ് അബ്ദുസ്സലാം ഖുർആൻ പാരായണം നടത്തി. കൺവീനർ നിയാസ് ഇസ്‌ലാഹി നന്ദിപ്രകടനം നടത്തി.