കുവൈത്ത്: ഇസ്‍ലാമിക ആശയങ്ങളുടെ ചരിത്രവും വർത്തമാനവും പറയുന്ന പ്രദർശനം നിരവധി പേരെ ആകർഷിച്ചു. സമ്പന്നമായ ഭൂതകാലവും സമരപോരാട്ടങ്ങളുടെ വർത്തമാനവും പ്രതീക്ഷകളുടെ ഭാവിയും സൂചിപ്പിക്കുന്ന പ്രദർശനം ഇസ്‌ലാമിക മൂല്യങ്ങളുടെയും സന്ദേശങ്ങളുടെയും അപൂർവ ദൃശ്യാവിഷ്കാരമായി മാറി. കേരള ഇസ്‌ലാമിക് ഗ്രൂപ് (കെ.ഐ.ജി.) കുവൈത്ത് ഗോൾഡൻ ജൂബിലിയുടെ ഭാഗമായി മസ്ജിദ് അൽ കബീർ റോയൽ ടെൻ്റിലാണ് പ്രദർശനം ഒരുക്കിയത്. ജംഇയ്യത്തുൽ ഇസ്‌ലാഹ് ഓർഗനൈസേഷൻ തലവൻ അബ്‌ദുൽ മുഹ്സിൻ അല്ലഹവ്, ഐ പി സി ഓർഗനൈസേഷൻ മാനേജർ ഖാലിദ് അബ്ദുല്ലാഹ് അൽ സബ, അൽ നജാത്ത് പ്രതിനിധി ഖുതൈബ അൽ സുവൈദ് എന്നിവർ ചേർന്ന് പ്രദർശനം ഉദഘാടനം ചെയ്‌തു. ഒക്ടോബർ 20 വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ നടന്ന പ്രദർശനം മലയാളികളും വിദേശികളും ഉൾപ്പെടെ ആയിരത്തോളം പേർ സന്ദർശിച്ചു. രാവിലെ മുതൽ ഉണ്ടായ സന്ദർശകരുടെ തിരക്ക് വൈകുന്നേരം വരെ തുടർന്ന്. 75 ഓളം സ്റ്റാളുകളിലായി ഒരുക്കിയ പ്രദർശനത്തിൽ മൽസര വിഭാഗത്തിൽപ്പെട്ടതും അല്ലാത്തതും ഉൾക്കൊള്ളിച്ചിരുന്നു. ഖുർആൻ – ഹദീസ് സന്ദേശങ്ങൾ, ചരിത്ര സംഭവങ്ങൾ, ആനുകാലിക സമസ്യകളും ഇസ്ലാമിക പരിഹാരങ്ങളും, ശാസ്ത്ര സാങ്കേതിക വിദ്യയും മുസ്ലിം ലോകവും, ആനുകാലിക സംഭവങ്ങളുടെ ഇസ്ലാമിക പരിപ്രേക്ഷ്യം തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ സ്റ്റാളുകളിൽ അവതരിപ്പിക്കപ്പെട്ടു. ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന്റെ വർത്തമാനകാല സാഹചര്യത്തിൽ ഫലസ്തീൻ, ഇസ്രായേൽ രാഷ്ട്രങ്ങളുടെ ചരിത്രം, ഭൂമിശാസ്ത്രപരമായ അടയാളങ്ങൾ, യുദ്ധം മുറിവേൽപ്പിക്കുന്ന കുഞ്ഞുങ്ങളുടെയും മനുഷ്യരുടെയും ദയനീയ ചിത്രങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിൽ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. സ്‌റ്റാളുകളിൽ സന്ദർശകർക്ക് വിശദീകരണങ്ങൾ നൽകാൻ പ്രത്യേകം വളണ്ടിയർമാർ ഉണ്ടായിരുന്നു. ഔഖാഫ് പ്രതിനിധി യൂസുഫ് ഈസ അൽ സുഅയ്ബ്, ഐ പി സി മാനേജർ അമ്മാർ അൽ കന്തരി, മസ്ജിദുൽ കബീർ ഇമാം, ഔഖാഫ് പ്രതിനിധികളായ മുഹമ്മദലി, ഇബ്രാഹിം അൽ ഫൈലക്കാവി, മുഹമ്മദ് ജമാൽ തുടങ്ങിയവരും കുവൈത്തിലെ വിവിധ സംഘടനകളുടെ നേതാക്കലും എക്‌സിബിഷൻ സന്ദർഷിച്ചു. ഇത് മൂന്നാം തവണയാണ് കെ.ഐ.ജി.എക്‌സിബിഷൻ സംഘടിപ്പിക്കുന്നത്. 2017 ലാണ് അവസാനമായി എക്‌സിബിഷൻ സംഘടിപ്പിച്ചത്.
പ്രദർശനത്തിൽ മത്സരം നടന്ന അഡൾട്ട് വിഭാഗത്തിൽ എ. കെ. സമീർ, ഷിഹാം ഖാൻ, സീനിയർ വിഭാഗത്തിൽ ആസിം മുഹമ്മദ് റിഹാൻ, അയന പർവീൻ നാസർ, ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് യാസീൻ നിസാർ, ഹനിയ ഖാൻ, ഇഖ്‌റ ഇർഫാൻ മദ്‌റസ വിഭാഗത്തിൽ എ.എം.ഐ. ഫർവാനിയ, എ.എം.ഐ. അബ്ബാസിയ, എ.എം.ഐ. ഫഹാഹീൽ, ഏരിയ വിഭാഗത്തിൽ ഫഹാഹീൽ, കുവൈത്ത് സിറ്റി, സാൽമിയ, റിഗ്ഗഇ എന്നിവരാണ് വിജയികളായത്.
ഉദ്‌ഘാടന സെഷനിൽ കെ.ഐ.ജി.പ്രസിഡണ്ട് പി ടി ശരീഫ്, വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, സെക്രട്ടറി പി ടി ഷാഫി, എക്‌സ്ബിഷൻ കൺവീനർ അൻവർ സഈദ്, പബ്ളിക് റിലേഷൻ കൺവീനർ അബ്‌ദു റസാഖ് നദ്‌വി, ഒരുമ ചെയർമാൻ മുഹമ്മദ് നൈസാം, സാൽമിയ ഏരിയ പ്രസിഡണ്ട് ആസിഫ് ഖാലിദ്, അബ്‌ദുൾ വാഹിദ്, ബഷീർ മുഹ്‌യുദ്ധീൻ, എഞ്ചിനീയർ അഫ്‌സൽ അലി, ഐ.എം.എ. പ്രതിനിധി യജ് സൈഫുദ്ധീൻ സൂഫി എന്നിവർ ഉദ്‌ഘാടന സെഷനിൽ പങ്കെടുത്തു.