കുവൈത്ത് സിറ്റി: അപരവത്കരണത്തിനും ഫാസിസ്റ്റ് ഉൻമൂലനത്തിനും വിധേയരായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ജനത സ്വയം ശാക്തീകരിക്കപ്പെടുകയാണ് വേണ്ടതെന്ന് മീഡിയ വൺ മാനേജിംഗ് എഡിറ്റർ സി ദാവൂദ് പറഞ്ഞു. മാർഗദർശി പ്രഭാഷണ പരമ്പരയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കുവൈത്ത് സിറ്റിയിലെ മസ്‌ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുറത്തുനിന്നുള്ള രക്ഷകനെ കാത്തിരിക്കാതെ സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും സ്വയം ശാക്തീകരിക്കപ്പെടണം. സ്വന്തം വിശ്വാസവും ആദർശവും കൂടുതൽ കരുത്തോടെ ഉയർത്തിപ്പിടിക്കുക എന്നതാണ് അതിജീവനത്തിനുള്ള ഏറ്റവും നല്ല പോംവഴി. ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം കളിക്കുന്ന കക്ഷികൾ യഥാർത്ഥത്തിൽ രാജ്യത്തെ നശിപ്പിക്കുകയാണ്.
സമ്മേളനത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ, ഫൈസൽ മഞ്ചേരി എന്നിവർ സംസാരിച്ചു. മാർഗദർശിയുടെ മുഖ്യ പ്രഭാഷകൻ ഫൈസൽ മഞ്ചേരി, അണിയറ പ്രവർത്തകരായ സലാഹുദ്ധീൻ, റുഷ്‌ദിൻ, റഫീഖ് ബാബു, അംജദ്, ജസീൽ എന്നിവരെ ആദരിച്ചു. പൊതുസമ്മേളനത്തിൽ കെ.ഐ.ജി.കുവൈത്ത് പ്രസിഡണ്ട് പി ടി ശരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. അനീസ് അബ്‌ദുസ്സലാം ഖുർആൻ പാരായണം നടത്തി. പി ടി ഷാഫി നന്ദി പറഞ്ഞു.