അഖാമ എന്നതാണ് ഇഖാമഃയുടെ ക്രിയാപദം. വിശുദ്ധ ഖുര്‍ആനിലെ 70-ഓളം സൂക്തങ്ങളില്‍ പ്രസ്തുത പദത്തിന്റെ രൂപഭേദങ്ങള്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നമസ്കാരവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്. 45 സൂക്തങ്ങളില്‍ ഇങ്ങനെ കാണാം. നമസ്കാരം നിലനിര്‍ത്തുക എന്ന ഭാഷാന്തരമാണ് ആ പ്രയോഗത്തിന് നല്കാറുള്ളത്. ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാന സ്തംഭങ്ങളില്‍ രണ്ടാമത്തേതായ നമസ്കാരത്തെ അതിന്റെ പൂര്‍ണരൂപത്തില്‍ അഞ്ച് നേരങ്ങളില്‍ കൃത്യമായി ശരീഅത് ചുമത്തിയ എല്ലാ നിബന്ധനകളോടും ഉപാധികളോടും കൂടി നിലനിര്‍ത്തിപ്പോരുകയാണ് ഇഖാമതുസ്സ്വലായുടെ വിവക്ഷയെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നു.
മുന്‍ വേദഗ്രന്ഥങ്ങളായ തൌറാതും ഇഞ്ചീലും ജീവിതത്തില്‍ പ്രയോഗവത്കരിക്കുക (5: 66), അല്ലാഹുവിന്റെ പരിധികള്‍ പാലിക്കുക (2: 229),
പൊളിഞ്ഞു വീഴാറായ മതില്‍ ശരിയാക്കി നിര്‍ത്തുക (18: 77), മതത്തില്‍ ഏകാഗ്രതയോടെ നിലയുറപ്പിക്കുക(10: 105), സാക്ഷ്യം വഹിക്കുക (65: 2) എന്നീ അര്‍ഥങ്ങളിലും ഖുര്‍ആന്‍ ഇഖാമത് പ്രയോഗിച്ചതായി കാണാം. അതിനാല്‍, നിലവിലില്ലാത്തതിനെ സംസ്ഥാപിക്കുന്നതിനും നിലവിലുള്ളതിന്റെ വക്രത നിവര്‍ത്തി നേരെയാക്കുന്നതിനും നേരാംവണ്ണം, നിലവിലുള്ളതിനെ പരിരക്ഷിക്കുന്നതിനും ഇഖാമത് പ്രയോഗിക്കാമെന്ന് വരുന്നു. ഇഖാമതുദ്ദീന്‍ എന്ന് പ്രയോഗിച്ചപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ സ്വാഭാവികമായും ഈ അര്‍ഥകല്പനകളെയെല്ലാം സമഗ്രമായി വിവക്ഷിച്ചിട്ടുണ്ട. അതായത് അദ്ദീന്‍ ആയ ഇസ്ലാമിനെ പൂര്‍ണരൂപത്തില്‍ സംസ്ഥാപിക്കുകയും നിലനിര്‍ത്തുകയും പരിരക്ഷിക്കുകയുമാണ് ഇഖാമതുദ്ദീനിന്റെ യഥാര്‍ഥ വിവക്ഷ. ഏകദൈവവിശ്വാസം, നമസ്കാരം, നോമ്പ്, സകാത്, ഹജ്ജ് മുതലായ ശരീഅതില്‍ വ്യത്യാസമില്ലാത്ത അടിസ്ഥാന സ്തംഭങ്ങളില്‍ ഭിന്നതയോ ആശയക്കുഴപ്പമോ കൂടാതെ ദീനിനെ സംസ്ഥാപിതവും സുസ്ഥിരവും സുരക്ഷിതവുമാക്കുക (ഖുര്‍തുബി), ദീനിനെ സ്ഥാപിക്കുക (ശാഹ് വലിയ്യുല്ലാഹിദ്ദഹ് ലവി).
1941 ആഗസ്തില്‍ ലാഹോറില്‍ സയ്യിദ് അബുല്‍അഅ് ലാ മൌദൂദി മുന്‍കൈയെടുത്ത് സ്ഥാപിച്ച ജമാഅതെ ഇസ്ലാമി എന്ന ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനം അതിന്റെ ലക്ഷ്യം വ്യവഹരിക്കാന്‍ തിരഞ്ഞെടുത്ത പദപ്രയോഗം ഹുകൂമതെ ഇലാഹിയ്യഃ (ദൈവരാജ്യം) എന്നതായിരുന്നു. കേവലം മതാധിഷ്ഠിത ഭരണം സ്ഥാപിക്കലാണ് അതിന്റെ വിവക്ഷയെന്ന് പ്രചാരമുണ്ടായി. ഈ പ്രചാരണം അടിസ്ഥാനരഹിതമായിരിക്കെതന്നെ അത് തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്ന് ബോധ്യം വന്നപ്പോള്‍ ജമാഅതെ ഇസ്ലാമി അതിന്റെ ലക്ഷ്യത്തെ വ്യവഹരിക്കാന്‍ 42: 13-ല്‍ വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ച ഇഖാമതുദ്ദീന്‍ ആണ് ഏറ്റവും ഉചിതമെന്ന് തീരുമാനിച്ചു. സ്വാതന്ത്യ്രാനന്തരം 1948 ഏപ്രിലിലാണ് ഇന്ത്യന്‍ ജമാഅതെ ഇസ്ലാമി നിലവില്‍വരുന്നത്. അന്ന് മുതല്‍ അതിന്റെ ലക്ഷ്യം ഇഖാമതുദ്ദീന്‍ ആണെന്ന് വിശദീകരിക്കപ്പെട്ടു. 1956 ഏപ്രില്‍ 13 മുതല്‍ നടപ്പില്‍വന്ന ഇന്ത്യന്‍ ജമാഅ*തെ ഇസ്ലാമിയുടെ ഭരണഘടന ഖണ്ഡിക 4: ലക്ഷ്യം എന്ന ശീര്‍ഷകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:
“ഇന്ത്യന്‍ ജമാഅതെ ഇസ്ലാമിയുടെ ലക്ഷ്യം ഇഖാമതുദ്ദീന്‍ (ദീന്‍ നിലനിര്‍ത്തുക) ആകുന്നു. അതിനുള്ള സാക്ഷാല്‍ പ്രേരകശക്തിയാകട്ടെ, അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും സിദ്ധിക്കുകയെന്നതുമത്രേ.
വിശദീകരണം:
ഇഖാമതുദ്ദീന്‍ എന്നതിലെ ‘ദീന്‍’ കൊണ്ടുള്ള വിവക്ഷ, പ്രപഞ്ചകര്‍ത്താവായ അല്ലാഹു തന്റെ സകല പ്രവാചകന്‍മാരും മുഖേന വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അയച്ചുകൊണ്ടിരുന്നതും അവസാനം തന്റെ അന്ത്യദൂതനായ മുഹമ്മദ്നബി മുഖേന അഖില മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി അന്തിമവും
പരിപൂര്‍ണവുമായ രൂപത്തില്‍ അവതരിപ്പിച്ചിട്ടുള്ളതുമായ സത്യദീനാകുന്നു. ഇന്ന് ലോകത്ത് പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായി സ്ഥിതിചെയ്യുന്ന ഏക ദീന്‍ ഇതൊന്നു മാത്രമാണ്. അതിന്റെ പേരത്രേ ഇസ്ലാം.
ഈ ദീന്‍ മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിന്റെ വ്യക്തിഗതവും സമഷ്ടിഗതവുമായ നാനാതുറകളെയും ഉള്‍ക്കൊള്ളുന്നുണ്ട്. ആദര്‍ശം, വിശ്വാസം, ആരാധനകള്‍, സ്വഭാവചര്യകള്‍ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യ ജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്ക് പുറത്തല്ല.
ഈ ദീന്‍ ദൈവപ്രീതിയും പാരത്രികജീവിതലബ്ധിയും ഉറപ്പ് നല്കുന്നതായതുപോലെത്തന്നെ ഐ#ഹിക പ്രശ്നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമമായൊരു ജീവിതവ്യവസ്ഥിതിയുമാണ്. ഉത്തമവും പുരോഗമനോന്‍മുഖവുമായ വ്യക്തി സമൂഹ ജീവിതസംവിധാനം ഇതിന്റെ സംസ്ഥാപനം മൂലമേ സാധ്യമാകയുള്ളൂ.
ഈ ദീനിന്റെ ഇഖാമത് കൊണ്ടുള്ള വിവക്ഷ, യാതൊരു വിധ പരിഛേദവും വിഭജനവും കൂടാതെ ഈ ദീനിനെ മുഴുവനുമായി ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവും എല്ലാംതന്നെ ഈ ദീനിന് അനുരൂപമായിരിക്കുമാറ് മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ സകല തുറകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍വരുത്തുകയും ചെയ്യുക എന്നതാകുന്നു.
ഈ ദീനിന്റെ സംസ്ഥാപനത്തിനുള്ള ഉത്തമവും പ്രായോഗികവുമായ മാതൃക മുഹമ്മദ്നബിയും ഖുലഫാഉര്‍റാശിദുകളും സ്ഥാപിച്ചുകാണിച്ചിട്ടുള്ളതാണ്