പ്രവാസത്തിന്റെ അനുഗ്രഹീത നേട്ടങ്ങളിലൊന്ന് വ്യത്യസ്ത നാട്ടുകാരും ചിന്താരീതിക്കരുമായ ദേശക്കാര്‍ക്ക് അടുത്തറിയാനും അടുത്തിടപഴകാനും സാഹചര്യമുണ്ടാകുന്നൂ എന്നതാണ്. മത-ജാതി ഭിന്നതകള്‍ക്കതീതമായി അവര്‍ പലകാര്യങ്ങളിലും തുല്യതകളും സമാനതകളുമുള്ള ഒരു യാത്രാസംഘത്തിലെ അംഗങ്ങളായി മാറുന്നു. ഒന്നിച്ചു അന്നം തേടുകയും, ഉണ്ണുകയും, ഉറങ്ങുകയും ചെയ്യുന്ന സ്നേഹസംഘം. സുഖ ദുഖങ്ങളിലും വികാര വിചാരങ്ങളിലും അവര്‍ പരസ്പരം പങ്കുചേരുന്നു. എന്തെന്നില്ലാത്ത സംഘസംതൃപ്തിയാണ് ഗൃഹാതുരത്വ വേദനകള്ക്കിടയില്‍ അതവര്‍ക്ക് പ്രദാനം ചെയ്യുന്നത്.
പ്രവാസത്തിന്റെ ഈ അനുഗ്രഹീതാവസ്ഥയെ കൊച്ചു കൊച്ചു മനുഷ്യകൂട്ടായ്മയായ് പരിവര്ത്തിപ്പിക്കാനുള്ള കെ.ഐ.ജിയുടെ ശ്രമഫലമാണ് “സൗഹൃദവേദികള്‍”. പരസ്പരം അടുത്തറിയുക, സ്നേഹം പങ്കുവെക്കുക, വിശാലമനസ്സോടെയും പരസ്പര ബഹുമാനത്തോടെയും ആശയങ്ങള്‍ കൈമാറുക, പ്രവാസികള്‍ പൊതുവേ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ ശ്രദ്ധക്ഷണിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുക തുടങ്ങിയ പവിത്ര ലക്ഷ്യങ്ങളാണ് കെ.ഐ.ജി സൗഹൃദവേദികളിലൂടെ സാക്ഷാല്‍കൃതമാക്കുന്നത്. മാതൃരാജ്യവും മതങ്ങളുമായി ബന്ധപ്പെട്ട സവിശേഷ ചരിത്ര-ആഘോഷവേളകളെ ഉപയോഗപ്പെടുത്തി നടത്തുന്ന പരിപാടികളിലൂടെ പരസ്പര ബന്ധങ്ങളും മനസ്സുകളുടെ അടുപ്പവും സുദൃടമാകുന്നു.
സൗഹൃദസംഗമങ്ങള്‍, ചര്ച്ചായോഗങ്ങള്‍, സംഘയാത്രകള്‍, സ്നേഹവിരുന്നുകള്‍, പ്രസന്റെഷനുകള്‍, ടേബിള്‍ ടോക്കുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സൗഹൃദവേദി സംഘടിപ്പിച്ചു വരുന്നത്. സുതാര്യമാണ് അതിന്റെ ഘടനയും പ്രവര്‍ത്തനരീതിയും. മനസ്സുകള്‍ വികേന്ദ്രീകരിക്കപ്പെടുകയും, വര്‍ഗീയവിഷം മനുഷ്യരെ പരസ്പരം അകറ്റുകയും ചെയ്യുന്ന ഈ ആസുരകാലത്ത് “നാം മനുഷ്യര്‍, നാമൊന്ന്” എന്നാ ഉത്കൃഷ്ട ആശയം ഉയര്‍ത്തിപ്പിടിച്ചു കുവൈത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചു കൊച്ചു സൗഹൃദവേദികള്‍ ഇരുട്ടില്‍ കത്തിച്ചുവെച്ച പ്രകാശബിന്ദുക്കളാണ്. ഭാസുരമായ ഒരു രാഷ്ട്രത്തിന്റെ പുനര്നിര്‍മിതിക്കും നന്മയുടെ മാര്‍ഗത്തിലുള്ള സ്നേഹക്കൂട്ടായ്മകള്‍ക്കും ഇത്തരം സൗഹൃദവേദികള്‍ ആക്കം കൂട്ടുമെന്ന് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉറച്ചു വിശ്വസിക്കുന്നു. പ്രവാസ ഭൂമികയിലെ ഈ പച്ചതുരുത്തിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.