കുവൈത്ത് സിറ്റി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽ മല പ്രദേശത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ ജന സേവന വിഭാഗമായ കനിവ് സോഷ്യൽ റിലീഫ് സെലാലിന്റെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന ഫണ്ട് ശേഖരണം അമ്പത് ലക്ഷം കവിഞ്ഞതായും നേരത്തെ ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രഖ്യാപിച്ചിരുന്ന അമ്പത് ലക്ഷം രൂപ ബന്ധപ്പെട്ടവർക്ക് കൈമാറിയതായും കെ.ഐ.ജി.പ്രസിഡണ്ട് പി.ടി.ശരീഫ്, കനിവ് സോഷ്യൽ റിലീഫ് സെൽ കൺവീനർ ഫൈസൽ കെ.വി എന്നിവർ അറിയിച്ചു. പൊതുജന പങ്കാളിത്തത്തോടെയാണ് കെ.ഐ.ജി., യൂത്ത് ഇന്ത്യ, ഐവ പ്രവർത്തകർ അമ്പത് ലക്ഷം ഫണ്ട് ശേഖരണം യഥാർത്ഥ്യമാക്കിയത്. നാടിനെ നടുക്കിയ ദുരന്തത്തിൽ സഹായ ഹസ്തവുമായി എല്ലാ മറന്ന് സഹകരിച്ച പ്രവാസികളായ മുഴുവനാളുകൾക്കും സ്ഥാപനങ്ങൾക്കും കെ.ഐ.ജി. നന്ദി പറഞ്ഞു. ഫണ്ട് ശേഖരണം ഇനിയും തുടരുമെന്നും പൊതുസമൂഹത്തിന് കെ.ഐ.ജി. പ്രവർത്തകരെ സമീപിക്കാമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
വയനാട്ടിൽ സമഗ്രമായ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പീപ്പിൾസ് ഫൗണ്ടേഷനാണ് മുഴുവൻ സംഖ്യയും കൈമാറിയത്. മൂന്നു പതിറ്റാണ്ട് കാലമായി കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ സ്തുത്യർഹമായ രൂപത്തിൽ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ എൻ ജി ഒ ആണ് പീപ്പിൾസ് ഫൗണ്ടേഷൻ. നിലമ്പൂരിലും വയനാട്ടിലെ പനമരത്തുമടക്കം വിവിധ സ്ഥലങ്ങളിൽ രണ്ടായിരത്തിൽപരം വീടുകളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിച്ചിട്ടുള്ളത്.