കുവൈത്ത്: ജനങ്ങൾ അനുഭവിച്ചിരുന്ന മുഴുവൻ പ്രശ്നങ്ങളിൽ നിന്നുമുള്ള സമ്പൂർണ വിമോചനമായിരുന്നു പ്രവാചകൻ്റെ നിയോഗ ലക്ഷ്യമെന്ന് പ്രമുഖ പണ്ഡിതനും കെ.ഐ. ജി.വൈസ് പ്രസിഡണ്ടുമായ ഫൈസൽ മഞ്ചേരി പറഞ്ഞു.
പ്രവാചകൻ വിമോചകൻ എന്ന തലക്കെട്ടിൽ കെ. ഐ. ജി. കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാചക സന്ദേശ പ്രചാരണ കാമ്പയിനിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവിത ഭാരങ്ങളെ ഇറക്കി വെച്ച് സമൂഹത്തിൽ നൻമകൾ നട്ടുപിടിപ്പിക്കുകയും
തിൻമ പിഴുതെറിയുകയും ചെയ്യുന്ന രൂപത്തിൽ അറേബ്യൻ ഭൂമികയിൽ സമൂലമായ പരിവർത്തനത്തിന് ചുക്കാൻ പിടിച്ച അതുല്യനായ വ്യക്തിത്വമായിരുന്നു പ്രവാചകൻ മുഹമ്മദ്.
ചരിത്ര പ്രസിദ്ധമായ പ്രവാചകൻ്റെ വിടവാങ്ങൽ പ്രസംഗത്തിലെ
മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട സർവതല സ്പർശിയായ ആശയങ്ങളും നിർദേശങ്ങളും പ്രവാചകൻ വിമോചകനായിരുന്നു എന്ന് അടിവരയിടുന്നതാണ്.
റിഗ്ഗഇ ഔഖാഫ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി. പ്രസിഡണ്ട് പി.ടി.ഷരീഫ് അധ്യക്ഷത വഹിച്ചു.
കാമ്പയിൻ പരിപാടികൾ വിശദീകരിച്ചുകൊണ്ട് സക്കീർ ഹുസൈൻ തുവ്വൂർ സംസാരിച്ചു.
കാമ്പയിൻ ലഘുലേഖയുടെ പ്രകാശനം യൂത്ത് പ്രസിഡണ്ട് സിജിൽഖാന് നൽകിക്കൊണ്ട് ഐവ പ്രസിഡണ്ട് സമിയ ഫൈസൽ നിർവഹിച്ചു.
എൻ.പി.അബ്ദുറസാഖ്, ഐവ സെക്രട്ടറി നജ്മ ശരീഫ് സമ്മേളനത്തിൽ പങ്കെടുത്തു.
ആക്ടിംഗ് ജനറൽ സെക്രട്ടറി സാബിഖ് യൂസുഫ് സ്വാഗതം പറഞ്ഞു.
കെ.ഐ.ജി.വൈസ് പ്രസിഡണ്ട് അൻവർ സഈദ് സമാപന പ്രസംഗം നടത്തി.